കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Assault) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയിൽ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കണം. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്.
ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോൺ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.