ന്യൂഡൽഹി;രാജ്യം ഇന്ന് 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ പത്തരയോടെ ആരംഭിയ്ക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡ് ഇന്ത്യയുടെ പ്രതിരോധ കരുത്ത് വിളിച്ചറിയിക്കും. ജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച സേനാംഗങ്ങളെ ഇത്തവണത്തെ റിപ്പബ്ലിക്ക് ദിനാചരണങ്ങളുടെ ഭാഗമായ് അനുസ്മരിയ്ക്കും. കോവിഡ് സാഹചര്യത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇത്തവണ പരേഡ് കാണാൻ വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികൾ ഉണ്ടാകില്ല.
പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചതിന് ശേഷം രാജ്പതിൽ നിന്നും രാവിലെ പത്തരക്കാണ് റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുക. കോവിഡ് ഭീഷണി കണക്കിലെടുത്ത് പരേഡിൽ പങ്കെടുക്കുന്ന സേനാംഗങ്ങളുടെ എണ്ണം 146ൽ നിന്നും 99 ആയി കുറച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച കാണികൾക്ക് മാത്രമാണ് പരേഡ് കാണാൻ അനുമതി. 15 വയസിന് മുകളിലുള്ളവർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം. മൈ ഗവൺ മെന്റ് പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് ഓൺലൈനായി പരേഡ് കാണാനുള്ള അവസരമുണ്ട്.
പരേഡിന് പിന്നാലെ കര,വ്യോമ,നാവിക സേനകളുടെ ശക്തിപ്രകടനവും ഉണ്ടാകും. 12 സംസ്ഥാനങ്ങളുടെയും ഒമ്പത് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യം റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രദർശിപ്പിക്കും. ആക്രമണ സാധ്യത കണക്കിലെടുത്ത് ബോംബ് സ്ക്വാഡും സി.ആർ.പി.എഫും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്.
റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ വലയത്തിലാണ് രാജ്യതലസ്ഥാനം.നഗരത്തിലെ ഓരോ മൂലയും പരിശോധിക്കുകയാണെന്നും പരേഡ് നീങ്ങുന്ന റൂട്ടിലെ സിസിടിവികള്‍ സസൂഷമം നിരീക്ഷിക്കുന്നുണ്ടെന്നും സെന്‍ട്രല്‍ ഡിസിപി ശ്വേത ചൗഹാന് പറഞ്ഞു. സുരക്ഷയ്ക്കായി ഡല്‍ഹിയില്‍ നിയോഗിച്ചിരിക്കുന്നത് 27,000 പോലിസുകാരെയാണ്. 71 ഡിസിപിമാരെയും 213 എസിപി റാങ്കിലുള്ളവരെയും ഡല്‍ഹിയില്‍ സുരക്ഷാ ചുമതലയില്‍ വിന്യസിച്ചിട്ടുണ്ട്. സായുധ പോലിസ്, കമാന്‍ഡോകള്‍, സിഎപിഎഫിന്റെ 65 കമ്പനികള്‍ എന്നിവരെയും രാജ്യതലസ്ഥാനത്ത് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചതായി ഡല്‍ഹി പോലിസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു.