ന്യൂഡൽഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷ. സുരക്ഷയ്ക്കായി ഡൽഹിയിൽ നിയോഗിച്ചിരിക്കുന്നത് 27,000 പോലീസുകാരെയാണ്. 71 ഡിസിപിമാരെയും 213 എസിപി റാങ്കിലുള്ളവരെയും ഡൽഹിയിൽ സുരക്ഷാ ചുമതലയിൽ വിന്യസിച്ചിട്ടുണ്ട്.
സായുധ പോലീസ്, കമാൻഡോകൾ, സിഎപിഎഫിന്റെ 65 കന്പനികൾ എന്നിവരെയും രാജ്യതലസ്ഥാനത്തു സുരക്ഷയൊരുക്കാൻ നിയോഗിച്ചതായി ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന അറിയിച്ചു.
നഗരത്തിലെ ഓരോ മൂലയും പരിശോധിക്കുകയാണെന്നും പരേഡ് നീങ്ങുന്ന റൂട്ടിലെ സിസിടിവികൾ സസൂഷമം നിരീക്ഷിക്കുന്നുണ്ടെന്നും സെൻട്രൽ ഡിസിപി ശ്വേത ചൗഹാൻ പറഞ്ഞു.
അതേസമയം, റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ലെന്ന് ഡൽഹി പോലീസ് മാർഗനിർദേശം പുറത്തിറക്കി.
പരിപാടിയിൽ പങ്കെടുക്കുന്ന 15 വയസിന് മുകളിലുള്ള എല്ലാവരും നിർബന്ധമായും രണ്ടു ഡോസ് വാക്സിനുകളും സ്വീകരിച്ചിരിക്കണം. പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.