കോഴിക്കോട്: അധ്യാപകരുടെ അനാസ്ഥയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ വായനയുടെ വസന്തത്തിലൂടെ പത്ത് കോടി രൂപയുടെ പുസ്തകങ്ങള്‍ വിദ്യാലയങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഡി പി ഐയുടെ പ്രവര്‍ത്തനങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു. 1500ഓളം സ്കൂളുകള്‍ക്കായാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ഒരുക്കിയിരിക്കുന്നത്.
ഒന്‍പതിനായിരത്തോളം പുസ്തകങ്ങളാണ് ഈ പദ്ധതിക്കായി സാഹിത്യ- വൈജ്ഞാനിക രംഗത്തെ വിദഗ്ദ്ധര്‍ തെരത്തെടുത്തത്. ഓണ്‍ലൈനില്‍ സ്കൂളുകള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ഡിപിഐയുടെ സൈറ്റില്‍ നിന്ന് തെരഞ്ഞെടുത്താല്‍ മാത്രം മതിയാകും എന്നിരിക്കെ ഇതുവരെ പകുതി സ്കൂളുകള്‍ പോലും ഇതിന് തയ്യായിട്ടില്ല.
കേരളത്തിലെ ഭാവി തലമുറയെ സംബന്ധിച്ചിടത്തോളം ഈ അനാസ്ഥ ഞെട്ടിക്കുന്നതാണെന്നും കുട്ടികളുടെ ഭാവിയെ ബാധിക്കുന്നതും വരുംതലമുറകളോട് ചെയ്യുന്ന കടുത്ത അനീതിയാണന്നും പ്രസാധകരുടെ സംഘടനയായ പുസ്തകം ജനറല്‍ബോഡി അഭിപ്രായപ്പെട്ടു. പിടിഎയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉടനടി ഉണ്ടാവേണ്ടതാണന്നും യോഗം ആവശ്യപ്പെട്ടു.
പുസ്തകം ചെയര്മാന് ഡോ. എം കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതാപന് തായാട്ട് (ഹരിതം), എന്‍ ഇ മനോഹര്‍ (പൂര്‍ണ്ണ), എം വി അക്ബര്‍ (ലിപി), എം മണിശങ്കര്‍ (ജ്ഞാനേശ്വരി) എന്നിവര്‍ സംസാരിച്ചു.