പാലക്കാട്: പാലക്കാട് അകത്തേത്തറ പഞ്ചായത്തിൽ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. ധോണിയിൽ ആടിനെ പുലി കൊന്നു. മേലേ ധോണി സ്വദേശി വിജയൻ്റെ ആടിനെയാണ് പുലി കൊന്നത്. ചീക്കുഴി മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിനു സമീപമാണ് പുലിയെ കണ്ടത്.
പുലിയുടെ സാന്നിധ്യമുണ്ടെന്നു സംശയിക്കുന്ന അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിനി, പപ്പാടി, വൃന്ദാവൻ നഗർ, സൂര്യനഗർ, പപ്പാടിയിലെ പാറമട എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രണ്ട് പുലിക്കുട്ടികളെയും അമ്മപ്പുലിയെയും കണ്ടെത്തിയ ഉമ്മിനിയോടു ചേര്‍ന്നുള്ള മേലെ ധോണിയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചു.
അകത്തേത്തറയിലെ വിവിധയിടങ്ങളില്‍ ഒന്നിലധികം പുലിയുണ്ടെന്ന് വനംവകുപ്പും സമ്മതിക്കുന്നു. സമീപപ്രദേശങ്ങളായ മേലേ ചെറാട്, ഗിരിനഗര്‍, വൃന്ദാവന്‍ നഗര്‍ എന്നിവിടങ്ങളില്‍ പുലി വളർത്തുനായ്ക്കളെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നു. ഈ ആശങ്കകള്‍ക്കിടയിലാണു വീണ്ടും പുലിയുടെ സാന്നിധ്യം തെളിഞ്ഞത്. വിവിധയിടങ്ങളില്‍ കെണിയുള്‍പെടെ സ്ഥാപിച്ചെങ്കിലും ഓരോ ദിവസവും ജനവാസമേഖലയിലെ വ്യത്യസ്ത ഇടങ്ങളിലാണു പുലിയെ കാണുന്നത്.