കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. മൂന്നു ദിവസങ്ങളിലായി 33 മണിക്കൂറാണ് ആകെ ചോദ്യം ചെയ്തത്. ദിലീപ് അടക്കം അഞ്ച് പ്രതികളെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യാൻ മൂന്നു ദിവസമാണ് ഹൈക്കോടതി അനുവദിച്ചത്.
വധഭീഷണി കേസിനു പിന്നാലെ ദിലീപ് അടക്കം നാല് പ്രതികൾ ഫോൺ മാറ്റിയെന്ന് കണ്ടെത്തി. ദിലീപിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാനാണ് ഫോൺ മാറ്റിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും രണ്ടു വീതം ഫോണുകളും സഹോദരി ഭർത്താവ് സുരാജിന്റെ ഫോണും മാറ്റിയിരിക്കുകയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പഴയ ഫോൺ ഹാജരാക്കാൻ നോട്ടിസ് നൽകി.
പൊലീസ് റെയ്ഡിൽ പിടിച്ചെടുത്ത ചില ഡിജിറ്റൽ സാമഗ്രികളുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാനുണ്ട്. ഇതുകൂടി ലഭിച്ച ശേഷമേ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ സാധിക്കൂവെന്ന് ക്രൈംബ്രാഞ്ച് എസ്പി വ്യക്തമാക്കി. മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിൽനിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും ഉൾപ്പെടെ വിശദമായ റിപ്പോർട്ട് വ്യാഴാഴ്ച ഹൈക്കോടതിയിൽ നൽകണം. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെ ഇന്നലെ ഒരുമിച്ചും ഒറ്റയ്ക്കും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. മറ്റു 2 പ്രതികളായ ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയും വിശദമായി ചോദ്യം ചെയ്തു. പ്രതികളുടെ സമീപകാലത്തെ ഫോൺ വിളികളുടെ വിശദാംശങ്ങൾ കാണിച്ചും മറ്റു ചില സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലുമായിരുന്നു ചോദ്യം ചെയ്യൽ.
കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ദിലീപും കൂട്ടുപ്രതികളും ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതിയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
ഇന്നലെ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനായി സംവിധായകൻ റാഫിയെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു. ഇന്ന് ഉച്ചയോടെ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. വ്യാഴാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാകും ദിലീപിന്റെ മുൻകൂർ ജാമ്യഹരജി വിധി പറയുക.