പത്തനംതിട്ട: തിരുവല്ല ഇലക്ട്രിസിറ്റി ബോർഡ് തോട്ടഭാഗം സബ് ഡിവിഷന്റെ കീഴിലുള്ള പാടശേഖരത്തിൽ കറന്റ് ഇല്ലാത്തതുമൂലം ജലം ലഭ്യമാക്കാതെ ബുദ്ധിമുട്ടി നെൽ കർഷകർ. ഏക്കർ കണക്കിന് നെൽപാടം കരിഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ. കർഷകർ സ്വന്തം ചിലവിൽ പണം മുടക്കി എല്ലാ സംവിധാനവും ഉണ്ടാക്കിയിട്ടും കറന്റ് കണക്ഷന് വേണ്ടി ദിവസങ്ങൾ നോക്കി ഇരുന്നിട്ടും യാതൊരു ഫലവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ലെന്നാണ് കർഷകരുടെ പരാതി.
ജനപ്രതിനിധികൾ നേരിട്ട് ഇടപെട്ടിട്ടും പഴയ അവസ്ഥ തുടരുകയാണ്. കർഷകർ ഇലക്ട്രിസിറ്റി ഓഫീസിൽ ബന്ധപ്പെട്ടപ്പോൾ വേണ്ടവിധത്തിൽ തങ്ങളെ കാണണമെന്നും അല്ലാതെ രാഷ്ട്രീയ നേതാക്കൾ ഇടപെട്ടാൽ ഒന്നും തന്നെ നടക്കുകയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായും കർഷകർ പറയുന്നു. എന്നാൽ കൈക്കൂലി നൽകാൻ സാധാരണക്കാരായ കർഷകർ ഒരുക്കമല്ല.
തരിശ്ഭൂമികൾ കൃഷി ഭൂമികൾ ആക്കുവാൻ സർക്കാർ അഭിപ്രായപ്പെടുമ്പോഴും ഇതുപോലെ ഉള്ള ഉദ്യോഗസ്ഥർ നാടിനു അപമാനമാണ് എന്ന് കർഷകർ പറഞ്ഞു. സംഭവത്തിൽ നടപടിക്കായി കൃഷി വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് കർഷകർ പറഞ്ഞു.