കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി ഹൈക്കോടതി. 10 ദിവസം ആണ് കൂടുതൽ അനുവദിച്ചത്. പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന സർക്കാർ അപേക്ഷയിലാണ് നടപടി. അഞ്ച് സാക്ഷികളിൽ മൂന്ന് പേരുടെ വിസ്താരം പൂർത്തിയാക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളിൽ വിസ്തരിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ചത്തെ കോടതി ഉത്തരവ്.
എന്നാൽ സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍ സംസ്ഥാനത്താണ്. ഒരു സാക്ഷിക്ക് കോവിഡ് ബാധിച്ചെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യുന്നതു മൂന്നാം ദിവസവും തുടരുകയാണ്. രാവിലെ ഒന്പതിനു തന്നെ പ്രതികള്‍ ചോദ്യം ചെയ്യലിനു കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരായി. ഉച്ചയോടെ ദിലീപിൻ്റെ സുഹൃത്തും സംവിധായകനുമായ വ്യാസന് എടവനക്കാടിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി.
ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്നു രാത്രി എട്ടുമണി വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത്. അതിനുശേഷം മൊഴികള്‍ ഒത്തുനോക്കി റിപ്പോര്‍ട്ട് തയ്യാറാക്കും. കേസിൻ്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിൻ്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന് ബാലചന്ദ്രകുമാര്‍ നല്കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റേത് തന്നെയെന്ന് സംവിധായകന് റാഫി തിരിച്ചറിഞ്ഞതായി സൂചന. ഇന്നലെയാണ് അന്വേഷണസംഘം റാഫിയെ ചോദ്യം ചെയ്യല്‍ നടക്കുന്ന കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. ബാലചന്ദ്ര കുമാര്‍ നല്കിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിൻ്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്.
എസ് പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാന്‍ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്. പ്രതികളുടെ ഒരു വര്‍ഷത്തെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ തവണ വിളിച്ചവരെ വിളിച്ചു വരുത്തും. ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിൻ്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ തനിക്ക് ഇതില്‍ പങ്കാളിത്തമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഇയാള്‍ ഇന്നലെ ചോദ്യം ചെയ്യലിനിടയില്‍ 2 തവണ പൊട്ടിക്കരഞ്ഞതായാണ് വിവരം. കടുത്ത മാനസിക സമ്മര്‍ദത്തിലായ ഇയാള്‍ ഇന്നലെ കാര്യമായി സംസാരിച്ചില്ലെന്നാണ് സൂചന. അതേ സമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ഇന്ന് പരിഗണിക്കാനിരുന്ന ഹർജികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസിനെതിരെയുള്ള ദിലീപിന്റെ കോടതി അലക്ഷ്യ ഹർജിയാണ് മാറ്റിവച്ചവയിലൊന്ന്. കോടതി വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇത് വിചാരണ കോടതിക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുളള ഹർജിയും വെള്ളിയാഴ്ച പരിഗണിക്കും. ഹൈക്കോടതി അനുവദിച്ച അഞ്ച് സാക്ഷികളിൽ ഒരാളെ വിചാരണ കോടതി ഇന്ന് വിസ്തരിച്ചു.