പഴയങ്ങാടി: സിൽവർ ലൈൻ അർദ്ധ അതിവേഗ റെയിൽ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് പഴയങ്ങാടിയിൽ തുടക്കമായി. പാത കടന്നുപോകുന്ന ഏഴോം പഞ്ചായത്തിലെ 10,11 വാർഡുകളിലെ വീട്ടുകാരെയും കെട്ടിട ഉടമകളെയും നേരിൽക്കണ്ടാണ് വിവരശേഖരണം നടത്തുന്നത്.കോട്ടയം ആസ്ഥാനമായ കേരള വൊളന്ററി ഹെൽത്ത് സർവീസസ് എന്ന സ്വകാര്യ ഏജൻസിക്കാണ് പഠന ചുമതല. ഏഴോം പഞ്ചായത്തിലെ 11-ാം വാർഡിലെ എം.പി സുഹറയുടെ വീട്ടിലും അവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുമാണ് പഠനസംഘം ആദ്യം എത്തിയത്.
ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന നഷ്ടങ്ങൾ, ബാധിക്കുന്ന കുടുംബാംഗങ്ങളുടെ വിവരങ്ങൾ, കെട്ടിടങ്ങൾ തുടങ്ങി പദ്ധതി നേരിട്ടോ അല്ലാതെയോ ബാധിക്കുന്നവരുടെ സമഗ്ര വിവരശേഖരണമാണ് നടത്തുന്നത്.പദ്ധതി വരുമ്പോൾ ഏഴോം പഞ്ചായത്തിലെ 10,11 വാർഡുകളിലായി ആറു വീടുകളും നാലു കെട്ടിടങ്ങളും മാത്രമാണ് നഷ്ടപ്പെടുക.പരിശീലനം നേടിയ വൊളണ്ടിയർമാരാണ് വിവരശേഖരണം നടത്തുന്നത്. ഏഴോം പഞ്ചായത്തിൽ അര കിലോമീറ്ററും മാടായി പഞ്ചായത്തിൽ മാടായിപ്പാറയിലൂടെയുള്ള രണ്ട് കിലോമീറ്റർ ദൈർഘ്യത്തിലുമാണ് ഭൂമി ഏറ്റെടുക്കേണ്ടത്. മാടായിപ്പാറയിൽ തുരങ്കം വഴിയാണ് പാത നിർമ്മിക്കുക എന്ന് കെ റെയിൽ അധികൃതർ വ്യക്തമാക്കുന്നു.