പേരാമ്പ്ര : പേരാമ്പ്ര-കുറ്റ്യാടി പാതയിൽ ഏറെ കൊട്ടിഘോഷിച്ച് സ്ഥാപിച്ച മിനി മാസ്റ്റ് ലെെറ്റ് ഒരു വർഷം തികയും മുമ്പേ മിഴി ചിമ്മിയതോടെ നഗരം ഇരുട്ടിൽ. സമീപ പ്രദേശങ്ങളിലെ വഴിയരികിൽ സ്ഥാപിച്ച തെരുവ് വിളക്കുകളും കൂട്ടത്തോടെ കണ്ണടത്തതിനാൽ സന്ധ്യ മങ്ങുമ്പേഴേക്കും കടിയങ്ങാട് ടൗണും പരിസരവും പൂർണ്ണമായും ഇരുട്ടിൽ മുങ്ങും. കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് രാത്രി എട്ടരവരെ യാത്രക്കാർക്ക് ആശ്വാസം.
കടകൾ അടച്ചാൽ ടൗൺ പൂർണമായും ഇരുട്ടിൽ മുങ്ങും.ജംഗ്ഷനിൽ വെളിച്ചമില്ലാത്തതു മൂലം രാത്രി വൈകി ദൂര സ്ഥലത്തു നിന്നും വന്നിറങ്ങുന്ന മുതുകാട്, പെരുവണ്ണാമൂഴി , പന്തിരിക്കര, പട്ടാണിപ്പാറ, ചക്കിട്ടപ്പാറയിലേക്കും മറ്റുമുള്ള യാത്രക്കാരും പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളും കുട്ടികളുമടക്കം പ്രയാസത്തിലാകുകയാണ്. ഇവിടങ്ങളിൽ ഇവിടെ മോഷ്ടാക്കൾ തലപൊക്കിത്തുടങ്ങിയതായും സാമുഹിക വിരുദ്ധർ താവളമാക്കിയിരിക്കുകയുമാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്.