തൊടുപുഴ: കോവിഡ് മൂന്നാം തരംഗം ജില്ലയില്‍ ആഞ്ഞടിച്ച് തുടങ്ങിയതോടെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് വഴിമാറുന്നു.തൊടുപുഴ ജില്ല ആശുപത്രിയില്‍ ഏഴ് ഡോക്ടര്‍മാരും 20ഓളം ഇതര ജീവനക്കാരും കോവിഡ് ബാധിതരാണ്. ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാരും ജീവനക്കാരും അധിക ഡ്യൂട്ടി ചെയ്താണ് ഇപ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്.ജീവനക്കാരുടെ അഭാവം വാക്സിനേഷനെ ബാധിച്ചു തുടങ്ങി.ദേവികുളം, വണ്ണപ്പുറം, ആലക്കോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയടക്കം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ എല്ലാം പ്രതിസന്ധിയിലാണ്.
ഈ മാസം 24ാം തീയതി വരെ ഡോക്ടര്‍മാരടക്കം 93 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചത്.
ഓരോ ദിവസവും രോഗികള്‍ കൂടുന്നത് ആശുപത്രികളുടെയടക്കം ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിച്ചുതുടങ്ങി.ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സുമാര്‍ അടക്കം പല ജീവനക്കാരും കോവിഡ് പോസിറ്റിവ് ആയതിനാല്‍ ഐ.സി.യുവില്പോലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് അടക്കം 12 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ, നാല് ഡോക്ടര്‍മാരും കോവിഡ് ബാധിതരാണ്. ചൊവ്വാഴ്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തില്‍ നിലവിലെ വാക്സിനേഷനടക്കം തടസ്സപ്പെടുമോയെന്നാണ് ആശങ്കയും പടരുകയാണ്. പല ആശുപത്രികളിലും ജീവനക്കാരുടെ അഭാവം മൂലം മറ്റിടങ്ങളില്‍നിന്ന് സ്റ്റാഫിനെ നിയോഗിക്കുകയാണ്. ഇത് ജീവനക്കാര്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഒ.പി മുടങ്ങാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അധിക ഡ്യൂട്ടിയടക്കം ചെയ്യേണ്ട സാഹചര്യമാണ് നിലവിൽ സംഭവിക്കുന്നത്. ഒരാഴ്ചകൂടി ഇത് തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാകും. സ്റ്റാഫില്ലാതെ വന്നാല്‍ ഒ.പി അടക്കം മുടങ്ങുന്ന സാഹചര്യമുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
പിരിച്ചു വിട്ടവർ തിരികെ എത്താത്തതും പകരം ആളില്ലാത്തതും രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കിടക്കകളുടെയും എണ്ണം കൂട്ടേണ്ടിവരും. അപ്പോഴും ജീവനക്കാരുടെ അഭാവമാണ് വെല്ലുവിളി. ഹൈറേഞ്ചിലെ താലൂക്ക് ആശുപത്രികളിലും പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും കോവിഡ് ബാധിതര്‍ക്ക് കിടത്തിച്ചികിത്സ ആരംഭിക്കേണ്ടതുണ്ട്. രോഗപ്പകര്‍ച്ച ഏറിയാല്‍ ഊഴംവെച്ച് ഡ്യൂട്ടിക്ക് കയറാന്‍ കൂടുതല്‍ ജീവനക്കാര്‍ വേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് അസാധ്യമാണ്. കോവിഡ് ബ്രിഗേഡിലെ പിരിച്ചുവിട്ട ജീവനക്കാര്‍ക്കുപകരം നിയമനമില്ലാത്തതും പോസിറ്റിവാകുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതും ചികിത്സയെ ബാധിക്കുന്നു. അതേസമയം, നിലവില്‍ കാര്യമായ പ്രതിസന്ധിയില്ലെന്നും ജീവനക്കാര്‍ കുറവുള്ള കേന്ദ്രങ്ങളില്‍ മറ്റിടങ്ങളില്‍നിന്ന് ജീവക്കാരെ ഡ്യൂട്ടിക്കിടുന്നുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.