ബെംഗളൂരു: പിക്കപ് ട്രക്ക് വാങ്ങാന്‍ ഷോറൂമിലെത്തിയ കര്‍ഷകനെ സെയ്ല്‍സ് എക്സിക്യൂട്ടിവ് പരിഹസിച്ചു വിടുന്നതും അര മണിക്കൂറിനകം പത്തു ലക്ഷം രൂപയുമായി കര്ഷകന് തിരിച്ചെത്തുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കര്‍ണാടകയിലെ തുമകൂരുവിലാണ് സംഭവം.
വെള്ളിയാഴ്ച ബൊലേറോ പിക്കപ്പ് ട്രക്ക് തുംകുരു മഹീന്ദ്ര ഷോറൂമിൽ വാങ്ങാനെത്തിയതായിരുന്നു കര്‍ഷകനായ കെംപഗൗഡ. എന്നാല്‍ കെംപഗൗഡയുടെ വസ്ത്രവും മറ്റും കണ്ട സെയ്ല്സ്മാന് അദ്ദേഹത്തെ അപമാനിക്കുകയും പുറത്താക്കുകയുമായിരുന്നു. പത്ത് രൂപ പോലും തികച്ചെടുക്കാനില്ലാത്തവനാണ് പത്ത് ലക്ഷത്തിൻ്റെ വണ്ടി വാങ്ങാന്‍ വന്നത് എന്നതായിരുന്നു സെയ്ല്സ്മാൻ്റെ പരിഹാസം. എന്നാല്‍ അപമാനിതനായ കെംപഗൗഡ പിന്മാറാനൊരുക്കമല്ലായിരുന്നു.
തനിക്ക് മഹീന്ദ്രയുടെ എസ് യു വി വേണമെന്നും, ഒരു മണിക്കൂറിനുള്ളില്‍ താന്‍ പണവുമായെത്തുമെന്നുമായിരുന്നു കെംപഗൗഡ പറഞ്ഞത്. എന്നാല്‍ അത്തരമൊരു പ്രതികരണം സെയ്ല്‍സ്മാനോ ഷോറും മാനേജരോ പ്രതീക്ഷിച്ചിരുന്നില്ല. അയാള്‍ വെറുംവാക്ക് പറഞ്ഞതാവുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കെംപഗൗഡ പണവുമായെത്തുകയും അന്ന് തന്നെ എസ് യു വി ഡെലിവറി ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. പക്ഷേ, അന്ന് തന്നെ തങ്ങള്‍ക്ക് വാഹനം ഡെലിവറി ചെയ്യാന്‍ പറ്റില്ലെന്ന് ഷോറൂം അറിയിക്കുകയായിരുന്നു.
നാല് ദിവസത്തിനകം എസ് യു വി ഡെലിവറി ചെയ്യാമെന്ന് അവര്‍ അറിയിക്കുകയുമായിരുന്നു. എന്നാല്‍ അവരില്‍ നിന്നും കാര്‍ വാങ്ങാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു കര്‍ഷകൻ്റെ പ്രതികരണം. തുടര്‍ന്ന് മോശം പെരുമാറ്റത്തിനും പരിഹസിച്ചതിനും കെംപെഗൗഡ തിലകനഗര പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. പിന്നീട് സെയില്‍സ്മാനും മറ്റ് ജീവനക്കാരും കെംപെഗൗഡയോട് ക്ഷമാപണം നടത്തുകയും ക്ഷമാപണ കത്ത് നല്‍കുകയും ചെയ്തതോടെയാണ് പ്രശ്നം ഒത്തുതീര്‍പ്പായത്. സംഭവത്തിൻ്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.