ന്യൂഡല്‍ഹി: ആശ്വാസമേകി രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,55,874 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 3,06,064 പേർക്കായിരുന്നു രോഗബാധ. ഇതിനൊപ്പം രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്. 15.52 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം ഇത് 20.75 ശതമാനമായിരുന്നു.
ഇന്നലെ 2,67,753 പേര് രോഗമുക്തി നേടി. നിലവില്‍ ആക്ടിവ് കേസുകള്‍ 22,36,842. ഇന്നലത്തെ മരണം-614. മധ്യപ്രദേശില്‍ ഒമിക്രോണിൻ്റെ പുതിയ വകഭേദം കണ്ടെത്തി. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ വിദഗ്ധ പരിശോധന നടത്തിയപ്പോള്‍ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആറു കുട്ടികളെയാണ് പുതിയ വകഭേദം ബാധിച്ചത്. ജനുവരി ആറു മുതല്‍ നടത്തിയ പരിശോധനകളില്‍ ഒമിക്രോണിൻ്റെ ഉപവകഭേദമായ ബി എ.2 ബാധിച്ച 21 കേസുകള്‍ കണ്ടെത്തിയതായി ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിൻ്റെ ചെയര്മാന് വിനോദ് ഭണ്ഡാരി അറിയിച്ചു. ഇതില്‍ ആറുപേരിലാണ് ഒമിക്രോണിൻ്റെ പുതിയ വകഭേദം കണ്ടെത്തിയത്.
ശ്വാസകോശത്തിൻ്റെ പ്രവര്‍ത്തനം വിലയിരുത്തിയാണ് ഇത് കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി 18 പേര് ആശുപത്രി വിട്ടതായി വിനോദ് ഭണ്ഡാരി അറിയിച്ചു. 21 പേരില്‍ പ്രായപൂര്‍ത്തിയായ 15 പേരും രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവരാണെന്നും അദ്ദേഹം വ്യക്തമാക്കി.