വാഷിംഗ്ടൺ: യുദ്ധവിമാനം വിമാനവാഹിനിക്കപ്പലിൽ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഏഴ് അമേരിക്കൻ സൈനികർക്ക് പരിക്ക്. എഫ്-35സി യുദ്ധവിമാനം യുഎസ്എസ് കാൾ വിൻസൺ എന്ന വിമാനവാഹിനിക്കപ്പലിന്റെ ഡെക്കിലേയ്ക്ക് ഇറക്കുന്നതിനിടെ ദക്ഷിണ ചൈനീസ് സമുദ്രത്തിൽ വച്ചാണ് അപകടമുണ്ടായത്.ദക്ഷിണ ചൈനീസ് കടലിൽ നടത്തുന്ന പതിവ് ഫ്ളൈറ്റ് ഓപ്പറേഷനിടെ അപകടം സംഭവിക്കുകയായിരുന്നുവെന്ന് നാവികസേനയുടെ പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് പൈലറ്റ് സുരക്ഷിതമായി ഇജക്ട് ചെയ്തുവെന്നും തുടർന്ന് അമേരിക്കയുടെ സൈനിക വിമാനത്തിൽ സുരക്ഷിത സ്ഥാനത്തെത്തിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണ്. പരിക്കേറ്റ സൈനികരിൽ മൂന്ന് പേരെ മനിലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മറ്റ് നാല് പേരെ കപ്പലിൽ തന്നെ ചികിത്സ നൽകിയെന്നും അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്ന് നാവികസേന അറിയിക്കുകയും ചെയ്തു.