കൊല്ലം: ദേശീയപാതയിൽ ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് ഇൻസുലേറ്റഡ് വാനിൽ ഇടിച്ച് വാൻ ഡ്രൈവർ മരിച്ചു. എറണാകുളം മുപ്പത്തടം ഹരിജൻ കോളനി വെട്ടുകാട്ടിൽ വീട്ടിൽ പുഷ്പനാണ് (50) മരിച്ചത്. സഹായി പത്തനാപുരം ആവണീശ്വരം സ്വദേശി അജികുമാറും (49) ബസിലെ വിദ്യാർത്ഥികളും ഉൾപ്പെടെ 19 പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്.
ഇടിയുടെ ആഘാതത്തിൽ പിന്നിലേക്കു നീങ്ങിയ വാൻ തട്ടി സ്കൂട്ടർ യാത്രികനും പരിക്കേറ്റു.ബസിന്റെ വേഗമാണ് അപകടത്തിന് വഴിവച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇന്നലെ രാവിലെ 9ഓടെ മരിയാലയംപെട്രോൾ പമ്പിന് എതിർവശത്തായിരുന്നു അപകടം. ചവറയിൽ നിന്ന് ഇളമ്പള്ളൂരിലേക്ക് പോകുകയായിരുന്ന ‘ജീവൻസ്’ എന്ന സ്വകാര്യബസും തിരുവനന്തപുരത്ത് നിന്നു ആലപ്പുഴയിലേക്ക് പോയ ഇൻസുലേറ്റഡ് വാനുമാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.