കൊച്ചി: സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യവസായമന്ത്രി പി.രാജീവ്.സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ യന്ത്ര പ്രദര്‍ശന മേള ‘മെഷിനറി എക്സ്പോ – 2022’ കലൂര്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചില ഉദ്യോഗസ്ഥര്‍ അവരുടെ മനോഭാവത്തിലും പ്രവര്‍ത്തനത്തിലും ഇനിയും മാറാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതല്‍ സംരംഭങ്ങള്‍ ഇവിടെ ആരംഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തിനും ഗുണകരമാകൂ. ഒരു വര്‍ഷത്തിനകം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും എല്ലാ വകുപ്പുകളും പൊതുജനങ്ങളും ഒന്നിച്ചു നിന്നാലേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
കാര്‍ഷിക ഭക്ഷ്യസംസ്കരണം, ജനറല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണു മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മെഷിനറികളും സാങ്കേതിക സ്ഥാപനങ്ങളും അടക്കം 140 സ്റ്റാളുകള്‍ മേളയിലുണ്ട്. മേള സന്ദര്‍ശിക്കുന്നതിനായി https://machinery expokerala.in/visitor register എന്ന ലിങ്ക് വഴിയും രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും സൗകര്യമുണ്ട്.