ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 159 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് സമാജ്വാദി പാർട്ടി. മുൻ മുഖ്യമന്ത്രിയും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവ് കർഹാലിൽ മത്സരിക്കും. മുലായംസിങ് യാദവിന്റെ സ്വന്തം മണ്ഡലമായ മെയ്ൻപുരി ലോക്സഭാ മണ്ഡലത്തിലാണ് കർഹാൽ.
നഹിദ് ഹസൻ കൈരാനയിലും, അബ്ദുല്ല അസം ഖാൻ സുവാറിലും, അസം ഖാൻ രാംപൂരിലും, ശിവ്പാൽ സിങ് യാദവ് ജസ്വന്ത്നഗറിലുമാണ് മത്സരിക്കുക.
1993 മുതൽ എസ്.പിയാണ് കർഹാലിൽ വിജയിക്കുന്നത്. 2002ല്‍ എസ്.പിയെ കൈവിട്ട് ബി.ജെ.പിയുടെ ശോഭരൺ സിങ് യാദവിനെ തെരഞ്ഞെടുത്തു എന്നത് മാത്രമാണ് ഇതിനിടെയിലുണ്ടായ മാറ്റം.
ഏഴ് ഘട്ടങ്ങളായാണ് യു.പി തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10നാണ് ആദ്യഘട്ടം. മാർച്ച് ഏഴിന് അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കും. മാർച്ച് 10നാണ് വോട്ടെണ്ണൽ.