കൊച്ചി; എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതിൽ ദുഃഖമുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പ്രാതിനിധ്യ വോട്ട് രീതി പണ്ട് മുതല്‍ തുടങ്ങിയത് ആണ്. തനിക്ക് മുന്‍പും അതേ രീതിയാണ് പിന്തുടര്ന്നിരുന്നത്.എസ്എന്‍ഡിപിയില്‍ ലക്ഷക്കണക്കിന് അംഗങ്ങളുണ്ട്. അവരെ എല്ലാവരേയും വെച്ച് തിരഞ്ഞെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടാകണം ഇത്തരം തിരഞ്ഞെടുപ്പ് രീതി പിന്തുടര്ന്ന് വന്നിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം, വെള്ളാപ്പള്ളിക്ക് മറുപടിയുമായി എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് സി.കെ.വിദ്യാഗസര് രംഗത്തുവന്നു. ജനാധിപത്യമില്ലാതെ സംഘടന നടത്തിയിട്ട് പിന്നെ ദുഃഖിച്ചിട്ട് കാര്യമില്ലെന്ന് വിദ്യാസാഗര്‍ തുറന്നടിച്ചു. ഇനി തിരഞ്ഞെടുപ്പ് നടന്നാല്‍ പത്തു ശതമാനം വോട്ടുപോലും വെള്ളാപ്പള്ളിക്ക് ലഭിക്കില്ലെന്ന് ബിജു രമേശും പ്രതികരിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. വർഷങ്ങളായുള്ള തങ്ങളുടെ ആവശ്യമാണിത്. വെള്ളാപ്പള്ളിയും കുടുംബവും ജീവിച്ചത് എസ്എന്‍ഡിപിയുടെ സ്വത്ത് കൊണ്ടെന്നും ബിജു രമേശ് ആരോപിച്ചു.