ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം തള്ളി സുപ്രിംകോടതി. വിചാരണ സമയം നീട്ടി നൽകാനാവില്ല. കൂടുതൽ സമയം ആവശ്യമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിചാരണ നീട്ടണമെന്ന സര്‍ക്കാരിൻ്റെ ആവശ്യത്തെ ദിലീപ് എതിര്‍ത്തു. വിചാരണ നീട്ടിക്കൊണ്ടുപോവാനും മാധ്യമ വിചാരണ നടത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് മുകുള്‍ റോത്തഗി പറഞ്ഞു. വിചാരണ സമയം നീട്ടണമെങ്കില്‍ വിചാരണക്കോടതി ജഡ്ജി തീരുമാനിക്കട്ടെയെന്നും റോത്തഗി വാദിച്ചു.
202 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞപ്പോള്‍ അഞ്ചു വര്‍ഷത്തിനു ശേഷം പെട്ടെന്നു സാക്ഷി പ്രത്യക്ഷപ്പെട്ടിരിക്കുകയാണെന്ന് റോത്തഗി പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അദ്ദേഹത്തെ വിസ്തരിക്കട്ടെന്ന് റോത്തഗി പറഞ്ഞു. വിചാരണക്കോടതിയെ സമീപിക്കുമ്പോള്‍ ഹൈക്കോടതിയെ സമീപിക്കാനാണ് നിര്‍ദേശിക്കുന്നതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാരിൻ്റെ അപേക്ഷയില്‍ വിചാരണ നീട്ടാനാവില്ലെന്നും ജഡ്ജി ആവശ്യപ്പെട്ടാല്‍ തീരുമാനിക്കാമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പ്രതികരിച്ചു.
വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റുവാനാണെന്നു ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിൻ്റെ ആവശ്യം പ്രഹസനമാണ്. ഇനി തുടരന്വേഷണം ആവശ്യമില്ല. ബാലചന്ദ്രകുമാര്‍ അന്വേഷണസംഘം വാടകക്കെടുത്ത സാക്ഷിയാണ്. എത്രയും വേഗം കേസില്‍ വിധി പറയുകയാണ് വേണ്ടതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഫെബ്രുവരി 16-നകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രിംകോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെതിരേ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടതായ് സുപ്രിം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സർക്കാർ പറയുന്നു.