മസ്കത്ത്: ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയനവര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി 26 മുതല്‍ നടക്കും.രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഫെബ്രുവരി 28. 2022 ഏപ്രില്‍ ഒന്നിന് മൂന്ന് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്കായിരിക്കും കിന്റര്ഗാര്ട്ടന് പ്രവേശനത്തിന് അര്‍ഹതയുണ്ടാകുക. റസിഡന്റ് വിസയുള്ള ഇന്ത്യയിലേയും മറ്റ് പ്രവാസി സമൂഹങ്ങളിലെയും കുട്ടികള്‍ക്കും പ്രവേശനം ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡിന് കീഴിലുള്ള തലസ്ഥാന നഗരിയിലെയും പരിസര പ്രദേങ്ങളിലുമുള്ള ഏഴ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള അഡ്മിഷനാണ് ഓണ്‍ലൈനിലൂടെ നടക്കുക. കെ.ജി മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് www.indianschoolsoman.com വെബ്സൈറ്റില്‍ നല്കിയ പ്രത്യേക പോര്‍ട്ടലിലാണ് (https://indianschoolsoman.com/our-services/admission-2022-23/) രജിസ്റ്റര്‍ ചെയ്യേണ്ടത്. മസ്കത്ത്, ദാര്‍സൈത്ത്, വാദികബീര്‍, സീബ്, ഗൂബ്ര, മബേല, ബൗശര്‍ എന്നീ ഇന്ത്യന്‍ സ്കൂളുകളിലേക്കാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് സൗകര്യമുള്ളത്.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള പ്രവേശനം ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയര്‍ ആന്‍ഡ് സ്പെഷല്‍ എജുക്കേഷനില്‍ (സി.എസ്.ഇ) ലഭ്യമാണ്. പ്രവേശനത്തിനായി രക്ഷിതാക്കള്‍ക്ക് നേരിട്ട് സി.എസ്.ഇ അഡ്മിനിസ്ട്രേഷനെ സമീപിക്കാം. വെബ്സൈറ്റ്: www.cseoman.com.കോവിഡ് സാഹചര്യം കണക്കിലെടുത്ത് അഡ്മിഷന് നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയാണ് നടക്കുന്നത്. രേഖകള്‍ സമര്‍പ്പിക്കുന്നതിനോ ഫീസ് അടക്കുന്നതിനോ രക്ഷിതാക്കള്‍ സ്കൂള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.