കൊച്ചി: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. യോഗത്തില്‍ സ്ഥിര അംഗത്വം ഉള്ള എല്ലാവര്ക്കും തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടെന്ന് ഹൈക്കോടതി വിധിന്യായത്തില്‍ പറഞ്ഞു. ഫെബ്രുവരി അഞ്ചിന് യോഗം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി.
1999ല്‍ വെള്ളാപ്പള്ളി നടേശന് കൊണ്ടുവന്ന ബൈലോ ഭേദഗതിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇരുന്നൂറ് അംഗങ്ങള്‍ക്ക് ഒരു വോട്ട് എന്നതാണ് എസ്എന്‍ഡിപിയിലെ നിലവിലെ തെരഞ്ഞെടുപ്പു രീതി. ഇത്തരത്തില്‍ ഏകദേശം പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ രീതിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ചില ഹര്‍ജികള്‍ കോടതിക്ക് മുന്നിലുണ്ടായിരുന്നു.
ഈ ഹര്‍ജികള്‍ അംഗീകരിച്ചുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി നിയമം അനുസരിച്ച് 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന പ്രത്യേക ഇളവും ഹൈക്കോടതി റദ്ദാക്കി. കോടതി വിധി അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.