തിരുവനന്തപുരം: പത്തനംതിട്ട അങ്ങാടിക്കലിൽ സിപിഐ നേതാക്കളെ സിപിഎം പ്രവർത്തകർ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് വി ഡി സതീശന്റെ പ്രതികരണം. സംഭവത്തില്‍ മന്ത്രിമാർ അടക്കമുള്ള സി.പി.ഐ നേതാക്കൾ എന്തെങ്കിലും പ്രതികരിച്ചോ എന്നറിയില്ല. പ്രതികരിച്ചിട്ടുണ്ടെങ്കിൽ നല്ലതെന്ന് സതീശന് പറഞ്ഞു.
എം.ജി. യൂണിവേഴ്സിറ്റിയിലെ എ.ഐ.എസ്.എഫ് വനിതാ നേതാവിനെ എസ്.എഫ്.ഐക്കാർ ലൈംഗികമായി അതിക്രമിക്കുകയും ജാതീയമായി ആക്ഷേപിക്കുകയും ചെയ്തെന്നു പരാതി നൽകിയിട്ട് പോലും ആരെയും അറസ്റ്റ് ചെയ്തില്ല. സി.പി.ഐ നേതാക്കൾ മൗനമായിരുന്നപ്പോൾ നിയമസഭയിൽ ഉൾപ്പെടെ ശക്തമായി പ്രതികരിച്ചത് യുഡിഎഫ് ആണ്. ആ മൗനം നിങ്ങൾ ഇപ്പോഴും തുടരരുത്. അത് ജനാധിപത്യ വിരുദ്ധർക്കുള്ള ലൈസൻസാകും. അക്രമ രാഷ്ട്രീയത്തെ പിന്തുണക്കലാകും.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FVDSatheeshanParavur%2Fvideos%2F332396658749389%2F&show_text=false&width=251&t=0
എന്തും ചെയ്യുമെന്ന ധിക്കാരവും ധാർഷ്ട്യവുമാണ് സി.പി.എമ്മിന്. തുടർഭരണം നാടൊട്ടുക്കും അക്രമം അഴിച്ചു വിടാനുള്ള അധികാരമല്ല. ബംഗാളിലെ ഭരണത്തിന്റെ അവസാന കാലത്ത് ആയുധമെടുത്ത് ഗുണ്ടകൾക്കൊപ്പം അഴിഞ്ഞാടുകയായിരുന്നു അവിടുത്ത സി.പി.എം. അതേ മാതൃക കേരളത്തിലും ആവർത്തിക്കാമെന്ന് കരുതണ്ട.സി.പി.എം ന്റെ കൊലവിളി രാഷ്ട്രീയത്തിനെതിരെ ജനാധിപത്യപരമായി സാധ്യമായ എല്ലാ പ്രതിരോധവും തീർക്കും.
എതിർ ശബ്ദങ്ങൾ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് ഹാലിളകി നടക്കുന്ന അണികളെ ഉത്തരവാദിത്തമുള്ള സി.പി.എം നേതാക്കൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.