ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യാഗേറ്റിലാണ് നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തത്.
സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തെ രാജ്യം ആദരിച്ചത്. നേതാജി രാജ്യത്തിന്റെ ധീരപുത്രനാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു.
At the programme to mark the unveiling of the hologram statue of Netaji Bose. https://t.co/OxRPKqf1Q7
— Narendra Modi (@narendramodi) January 23, 2022
ഹോളോഗ്രാം പ്രതിമയുടെ സ്ഥാനത്ത് സുഭാഷ് ചന്ദ്രബോസിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കും. 28 അടി ഉയരത്തിലും 6 അടി വീതിയിലും ഗ്രാനൈറ്റിൽ നിർമ്മിക്കുന്ന പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതുവരെ ഈ താല്‍ക്കാലിക പ്രതിമയാണ് ഇനി ഇന്ത്യാഗേറ്റിലുണ്ടാകുക.
സ്വാതന്ത്രത്തിന് ശേഷം പല തെറ്റുകളും രാജ്യം ചെയ്തുവെന്നും ആ തെറ്റുകൾ തിരുത്തുകയാണെന്നും പ്രതിമ അനാഛാദനവേളയിൽ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ പലരുടെയും ചരിത്രം മൂടിവെയ്ക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നേരത്തെ ജോർജ് ആറാമന്റെ പ്രതിമയുണ്ടായിരുന്ന മേലാപ്പിലാണ് നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. കഴിഞ്ഞ ദിവസം അണച്ച അമർജവാൻ ജ്യോതിയിൽ നിന്ന് നോക്കിയാൽ നേതാജിയുടെ പ്രതിമയാകും ഇനി കാണുക.