കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷികത്തില് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കവെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളെന്നാൽ നിങ്ങൾക്ക് അലർജിയാണോയെന്ന് മമതാ ബാനർജി കേന്ദ്രത്തോടു ചോദിച്ചു. കൊല്‍ക്കത്തയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്രത്തിനെതിരെ മമതയുടെ രൂക്ഷ വിമര്‍ശനം.
വരാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് പശ്ചിമ ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് പക്ഷപാതപരമായ സമീപനം ഉണ്ടെന്ന് മമത ആരോപിച്ചു. ‘എന്തുകൊണ്ടാണ് ബംഗാളിനോട് ഇത്ര അലര്‍ജി? നിങ്ങള്‍ ബംഗാള്‍ ടാബ്ലോ നിരസിച്ചു… ഞങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് നിങ്ങള്‍ (ഡല്‍ഹിയില്‍) നേതാജിയുടെ പ്രതിമ നിര്‍മ്മിക്കുന്നത്,’ മമത പറഞ്ഞു.
നേതാജി എവിടെയാണെന്ന് ഇന്ന് പോലും ഞങ്ങൾക്ക് അറിയില്ല. അധികാരത്തിൽ വരുമ്പോൾ നേതാജിയെ കുറിച്ച് അന്വേഷിക്കുമെന്ന് ബിജെപി സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ലെന്നും മമത വ്യക്തമാക്കി.
ബംഗാള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല. ഈ വസ്തുതയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേർത്തു. നേരത്ത, നേതാജി സുഭാഷിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് മമത കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
സുഭാഷ് ചന്ദ്ര ബോസ് 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ വിയോഗത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. 1945-ല്‍ ബോസിന്റെ തിരോധാനം സംബന്ധിച്ച ഫയലുകള്‍ കേന്ദ്രം വെളിപ്പെടുത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ജപ്പാനിലെ ഒരു ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടേതെന്ന് വിശ്വസിക്കപ്പെടുന്ന ചിതാഭസ്മം ഡിഎന്‍എ വിശകലനത്തിന് അയയ്ക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.