കുവൈത്ത് സിറ്റി: ശക്തമായ തണുപ്പ് തുടരുന്നു.സമീപ വര്‍ഷങ്ങളിലെ ഏറ്റവും കൂടിയ തണുപ്പാണ് ഇത്തവണ അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പ് നേരത്തെ തന്നെ ഇക്കാര്യം പ്രവചിച്ചിരുന്നു. മരുപ്രദേശങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെ പോയി. നഗരങ്ങളിലും താമസ മേഖലകളിലും രണ്ട് മുതല്‍ ആറ് ശതമാനം വരെയാണ് ഊഷ്മാവ്. വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ നിന്നുത്ഭവിക്കുന്ന ശീതക്കാറ്റ് ശക്തമാകുന്നതാണ് കുവൈത്തില്‍ താപനില കുറയാന്‍ കാരണമാകുന്നത്. പകല്‍ ആറു മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസിനും രാത്രിസമയങ്ങളില്‍ രണ്ടു മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില.
അടുത്ത ദിവസം മുതല്‍ തണുപ്പ് കുറഞ്ഞു തുടങ്ങുമെന്നാണ് കാലാവസ്ഥ നിരീക്ഷകന് ആദില്‍ അല്‍ മര്‍സൂഖിന്റെ പ്രവചനം. പുറത്തിറങ്ങുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സമീപ വര്‍ഷങ്ങളിലൊന്നും ഇത്ര കൂടിയ തണുപ്പ് ഉണ്ടായിട്ടില്ലെന്ന് ദീര്‍ഘകാല പ്രവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അമിതമായ തണുപ്പ് മത്സ്യ വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നുണ്ട് ,ശര്‍ഖ് മത്സ്യ മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണെത്തിയത്. ഡിമാന്‍ഡ് ഇല്ലാത്തതിനാല്‍ മത്സ്യവിലയും കുത്തനെ കുറഞ്ഞു. ഇറക്കുമതി, തദ്ദേശീയ മത്സ്യങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റത്. വെള്ളിയാഴ്ചകളില്‍ സാധാരണ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ ആളനക്കം കുറവായിരുന്നു. അടുത്തയാഴ്ച തണുപ്പ് കുറയുമെന്ന പ്രവചനത്തില്‍ ആശ്വാസം കണ്ടെത്തുകയാണ് വ്യാപാരികള്‍