കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും നടന് ദിലീപ് ഉൾപ്പടെയുള്ള അഞ്ച് പ്രതികളെ ചോദ്യം ചെയ്ത് തുടങ്ങി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യുന്നത് മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും. ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെയാണ് ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. അതേസമയം, ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട് .
ദിലീപിൻ്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നിർദ്ദേശം നൽകിയിരിക്കുന്നത്. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുക്കുക. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയാണ് ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍. അന്വേഷണസംഘം മൂന്ന് ദിവസം ദിലീപിനെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി പ്രോസിക്യൂഷനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവ് നൽകുകയും ചെയ്തു .