കൊച്ചി; നടിയെ ആക്രമിച്ച കേസിൽ സുപ്രിംകോടതിയിൽ രേഖകൾ സമർപ്പിക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ സമർപ്പിച്ച മൂന്ന് ഹർജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും. വിചാരണ നീട്ടണമെന്ന അപേക്ഷയ്ക്കൊപ്പം മൂന്ന് രേഖകൾ സർക്കാർ ഫയൽ ചെയ്തു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളുമാണ് സർക്കാർ കോടതിയിൽ സമർപ്പിച്ചത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യൽ. ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യും. ഇതിനായി ഉദ്വോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു.
ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍. അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.