ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട റാലികളുടെയും പൊതുപരിപാടികളുടെയും വിലക്ക് നീട്ടി. ജനുവരി 31 വരെയാണ് വിലക്കുള്ളത്.
കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരുമായുള്ള ചർച്ചക്ക് ശേഷമാണ് തീരുമാനം.
എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നതിനാല്‍ നിയന്ത്രണം ലഘൂകരിക്കുന്നത് വ്യാപനം വര്‍ധിപ്പിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
അതേസമയം, ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ജനുവരി 28 മുതലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഫെബ്രുവരി ഒന്ന് മുതലും പൊതുയോഗങ്ങളും റാലികളും നടത്താന്‍ അനുമതിയുണ്ട്. പരാമവധി അഞ്ഞൂറ് പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
വീട് കയറിയുള്ള പ്രചാരണത്തിന് പോകാവുന്നുവരുടെ എണ്ണം അഞ്ചില്‍ നിന്ന് പത്താക്കിയും കമ്മീഷന് ഉയർത്തി. ജനുവരി 31 ന് വീണ്ടും സാഹചര്യം പരിശോധിച്ച ശേഷം കൂടുതല്‍ ഇളവുകള്‍ നടത്തണമോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കും.