മുംബൈ: ഐപിഎൽ 15-ാം സീസൺ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ തീരുമാനം. കാണികളില്ലാതെയാകും ഇത്തവണ ടൂർണമെന്റ്. മാർച്ച് 27ന് മത്സരങ്ങൾക്കു തുടക്കമാകും. ഫ്രാഞ്ചൈസികളുമായി ഇന്ന് നടന്ന ചർച്ചയിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് കൂടുതൽ രൂക്ഷമാകുന്നില്ലെങ്കിൽ മാർച്ച് 27ന് മത്സരങ്ങൾ ആരംഭിക്കും. മെയ് അവസാനവാരം വരെ ടൂർണമെന്റ് തുടരും. മുംബൈയിലായിരിക്കും മത്സരങ്ങളെല്ലാം. മുംബൈയിലെ വാങ്കഡെ, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ(സിസിഐ), ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളാണ് ടൂർണമെന്റിനായി പരിഗണിക്കുന്ന വേദികൾ. ആവശ്യമെങ്കിൽ പൂനെയിലെ മഹാരാഷ്ട്രാ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയവും വേദിയാകും.
ഏതെങ്കിലും സാഹചര്യത്തിൽ മത്സരം ഇന്ത്യയിൽ നിന്നും മാറ്റേണ്ടിവന്നാൽ യുഎഇയെ വേദിയായി പരിഗണിക്കണമെന്നാണ് ടീമുകളുടെ ആവശ്യം. മറ്റ് വിദേശ രാജ്യങ്ങളിലേക്ക് മത്സരം കൊണ്ടുപോയാൽ ഫ്രാഞ്ചൈസികൾക്ക് വലിയ സാമ്പത്തിക ബാധ്യതവരുമെന്നും ടീമുകൾ ബിസിസിഐയെ അറിയിച്ചിട്ടുണ്ട്.
ഐപിഎൽ മെഗാലേലം നിശ്ചയിച്ചതു പോലെ തന്നെ നടക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 12, 13 തിയതികളിൽ ബംഗളൂരുവിൽ വച്ചായിരിക്കും ലേലം. താരങ്ങൾക്കുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഇതുവരെ 1,214 താരങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 896 ഇന്ത്യൻ താരങ്ങളും 318 വിദേശതാരങ്ങളും ഇതിൽ ഉൾപ്പെടും.