തൃശൂർ: സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയായി എംഎം വർഗീസ് തുടരും. ടി ശശിധരനെ വീണ്ടും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. വിഭാഗീയതയുടെ പേരിൽ 12 വർഷം മുൻപ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു ശശിധരൻ.
അതേസമയം, മുൻ എം എൽ എ ബാബു എം പാലിശ്ശേരിയെ ഒഴിവാക്കുകയും ആര്‍എസ് എസ് പ്രവര്‍ത്തകൻ്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എം ബാലാജിയെ കമ്മിറ്റിയിൽ ഉള്‍പ്പെടുത്തുകയും ചെയ്തു.
44 അംഗ ജില്ലാ കമ്മിറ്റിയില്‍ 12 പേര് പുതുമുഖങ്ങളാണ്. കെ.വി നഫീസ, ടി.കെ. വാസു, പി.കെ ചന്ദ്രശേഖരൻ എന്നിവർ പുതുതായി ജില്ലാ സെക്രട്ടറിയേറ്റിൽ ഇടംനേടി.
അതേസമയം, തൃശൂർ ജില്ലാ സമ്മേളനം ഇന്നവസാനിക്കും. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തിൽ രൂക്ഷ വിമർശമുയർന്നിരുന്നു. പൊലീസ് മാഫിയകളുമായി ചേർന്നു സർക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും പൊലീസിന് മൂക്ക് കയറിടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. കരുവന്നൂർ സഹ.ബാങ്ക് തട്ടിപ്പിൽ ജില്ല നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ബിജെപി വളർച്ചയിൽ എന്ത് നടപടി എടുത്തുവെന്നും ചോദ്യമുയർന്നു.