മസ്കറ്റ്: കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സുപ്രീം കമ്മിറ്റി . വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്കാരം നിര്‍ത്തിവെച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രമായി പരിമിതപ്പെടുത്തി. സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും സുപ്രീം കമ്മിറ്റി ഇതിനോടകം ഉത്തരവിറക്കി.
മസ്ജിദുകളില്‍ അഞ്ച് നേരത്തെ നിസ്കാരം തുടരും. 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പള്ളികളില്‍ ഔഖാഫ് മതകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ച മുഴുവന്‍ കൊവിഡ് സുരക്ഷാ മുന്‍കരുതലുകളും പൂര്‍ണ്ണമായി പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. പൊതുമേഖലാ ഓഫീസുകളിലും തൊഴിലിടങ്ങളിലും ജീവനക്കാരുടെ എണ്ണം പകുതിയായി കുറക്കണം. ജീവനക്കാരില്‍ 50 ശതമാനം മാത്രം ജോലി സ്ഥലത്തെത്തുകയും ബാക്കി പകുതിപേര് വീട്ടില്‍ ഇരുന്നും ജോലി ചെയ്യണമെന്നും നിർദ്ദേശം ഉണ്ട്.
സമ്മേളനങ്ങളും പ്രദര്‍ശനങ്ങളും അടക്കം പൊതുസ്വഭാവമുള്ള എല്ലാ പരിപാടികളും മാറ്റി വെക്കണം. ഇത്തരം പരിപാടികള്‍ നടത്തുകയാണെങ്കില്‍ കാഴ്ചക്കാരില്ലാതെ ആയിരിക്കണം. ഇത്തരം വേദികളിലും കൊവിഡ് വാക്സീനേഷന് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെ മറ്റു മറ്റു മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുകയും വേണം