ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ഛന്നിക്കെതിരെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്ത്. മീടു ആരോപണം പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഛന്നി കാലുപിടിച്ചെന്നാണ് അമരീന്ദർ സിങ്ങ് ഉയർത്തുന്ന വാദം. അതേസമയം തനിക്കെതിരായ വ്യാജപ്രചാരണത്തിൽ അരവിന്ദ് കെജരിവാളിനെതിരെ കേസ് നൽകുമെന്ന് ചരൺജിത്ത് സിങ്ങ് ഛന്നി വ്യക്തമാക്കി. കോൺഗ്രസ് സർക്കാരിനെതിരെ പുതിയ ആരോപണം പുറത്ത് വിടാൻ ഒരുങ്ങുകയാണ് ശിരോമണി അകാലിദൾ.
ചരൺജിത്ത് സിങ്ങ് ഛന്നിക്കെതിരെ 2018ൽ ഉയർന്ന മീടു ആരോപണം വീണ്ടും ചർച്ചയാക്കുകയാണ് അമരീന്ദർ സിംഗ്. ഐഎഎസ് ഉദ്യോഗസ്ഥ ഉന്നയിച്ച ആരോപണത്തിൽ പിന്നീട് ഛന്നി മാപ്പ് പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങ് ഛന്നിക്ക് അനൂകൂലനിലപാടാണ് സ്വീകരിച്ചത്. പ്രശ്നം പരിഹരിക്കണമെന്ന് ആഭ്യർത്ഥിച്ച ഛന്നി തന്റെ കാല് പിടിച്ചെന്നും പിന്നീട് താൻ ഇടപെട്ട് വിഷയങ്ങൾ പരിഹരിച്ചെന്നുമാണ് ക്യാപ്റ്റൻ വ്യക്തമാക്കുന്നത് . ജീവിതംകാലം മുഴുവൻ തന്നോട് നന്ദികാണിക്കുമെന്ന് പറഞ്ഞ ചരൺജിത്ത് സിങ്ങ് ഛന്നി പിന്നീട് തനിക്കെതിരെ പ്രവർത്തിച്ചെന്നും അമരീന്ദർ ആരോപണംഉയർത്തുന്നത് .