ദുബായ്: 2030 ഓടെ ണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന സ്മാര്‍ട്ട് സേവനങ്ങളടങ്ങുന്ന പാസഞ്ചര്‍ ട്രെയിന്‍ പൂര്‍ത്തീകരിക്കാനൊരുങ്ങുകയാണ് യു എ ഇ.ഇത്തിഹാദ് റെയില്‍ പാതയിലെ പാസഞ്ചര്‍ ട്രെയിനുകളുടെ മാതൃക അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. നഗരങ്ങളുടെയും മലനിരകളുടെയും മരുഭൂമികളുടെയും പശ്ചാത്തലത്തില്‍ ചുവന്ന, ഇത്തിഹാദ് റെയില്‍ ലോഗോ ആലേഖനം ചെയ്ത വെള്ളി, ചാര നിറങ്ങളിലായിരിക്കും ട്രെയിനുകള്‍ എന്ന് ചിത്രം സൂചിപ്പിക്കുന്നു.
ചില സ്റ്റേഷനുകള്‍ നഗരങ്ങളില്‍ നിര്‍മിക്കുമെങ്കിലും ഏതൊക്കെയെന്നു ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. “ആളുകള്‍ക്ക് ഒത്തുകൂടാന്‍ കഴിയുന്ന നഗര കേന്ദ്രങ്ങളായാണ് ഞങ്ങള്‍ സ്റ്റേഷനുകളെ കാണുന്നത്”- ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സെക്ടറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് അല്‍ ഹാഷിമി പറഞ്ഞു. സ്റ്റേഷനുകള്‍ പരിസ്ഥിതിയുമായി പൊരുത്തപ്പെടുകയും നഗരവികസനത്തിന്റെ ഭാഗമാവുകയും ചെയ്യും.അബൂദബി -ദുബൈ പാതയില്‍ റെയില്‍ പാളം എമിറേറ്റ്സ് റോഡ് ( മോട്ടോര്‍വേയ്ക്ക് സമാന്തരമായിരിക്കും.
വൈ-ഫൈ, വിനോദ സംവിധാനങ്ങള്‍, ചാര്‍ജിംഗ് പോയിന്റുകള്‍, വിവിധ ഭക്ഷണ-പാനീയ വിതരണ സ്ഥലങ്ങള്‍ തുടങ്ങിയ സ്മാര്‍ട്ട് സേവനങ്ങളാണ് ഇത്തിഹാദ് റെയില്‍ പാതയിലെ പാസഞ്ചര്‍ ട്രെയിനുകളില്‍ ഒരുക്കുക.ബസ്സുകളും മെട്രോയും പോലെ നിലവിലുള്ള പൊതുഗതാഗതവുമായി റെയില്‍വേയെ ഏതെങ്കിലും വിധത്തില്‍ സംയോജിപ്പിക്കും. പ്രതിവര്‍ഷം 36 ദശലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 400 ഓളം ആളുകളെ വഹിക്കുന്ന ട്രെയിന്‍ സര്‍വീസ് പടിഞ്ഞാറ് സില മുതല്‍ വടക്ക് ഫുജൈറ വരെ യുഎഇയിലുടനീളം 11 നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്.
അബുദാബിക്കും ദുബൈക്കുമിടയില്‍ 50 മിനിറ്റും അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കു 100 മിനിറ്റും പ്രതീക്ഷിക്കാം.ഷായിലെയും ഹബ്ഷാനിലെയും ഗ്യാസ് ഫീല്‍ഡുകളെ റുവൈസുമായി ബന്ധിപ്പിക്കുന്ന ചരക്ക് സര്‍വീസ് 2016 ല്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം രണ്ടാം ഘട്ടം സഊദി അറേബ്യയുടെ അതിര്‍ത്തിയിലുള്ള ഗുവൈഫാത്തില്‍ നിന്ന് കിഴക്കന്‍ തീരത്തെ ഫുജൈറയിലേക്ക് 1,200 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത നിര്‍മാണം തുടരുകയാണ്.