ആലപ്പുഴ: കോവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായി നില്ക്കുന്ന ഈ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നത് കടുത്ത ബുദ്ധിമുട്ട് ഉണ്ടാക്കും. 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ പാടില്ലെന്നാണ് നിര്‍ദേശമുള്ളത്. അതിനാല്‍ സമ്മേളനം നടത്തുക ദുഷ്കരമാണ്. മാത്രമല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് നാസര്‍ പറഞ്ഞു.
ഈ മാസം 28,29,30 തീയതികളില്‍ ജില്ലാ സമ്മേളനം നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിമർശനം ഉയർന്നപ്പോഴും സമ്മേളനങ്ങൾ മാറ്റില്ലെന്ന നിലപാടിലായിരുന്നു സിപിഎം നേതൃത്വം. ഇതോടെ പ്രശ്നം കോടതി കയറി. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് കാസർകോട് സമ്മേളനം സിപിഎമ്മിന് അവസാനിപ്പിക്കേണ്ടി വന്നു. തൃശ്ശൂരിലും നടപടികൾ വെട്ടിച്ചുരുക്കി. തൃശൂർ സമ്മേളനം ഇന്ന് അവസാനിപ്പിക്കാണ് തീരുമാനിച്ചത്.