കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചെലവ് കുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് ലോകമാകെ തന്നെ ആവശ്യകത വര്‍ധിക്കുകയാണ്.ആരോഗ്യ മേഖലയിലെ കമ്പനികളുടെ വളര്‍ച്ചയ്ക്ക് ഇത് ഗുണകരമാകും. അതിനാല്‍ ഈ മേഖലയിലുളള മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ മികച്ച ആദായം നേടാനും സാധിക്കും. ഇതിനിടെ, കേരളത്തില്‍ ഉള്‍പ്പെടെ ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു മലയാളി കമ്പനിയുടെ ഓഹരികളില്‍ ഹ്രസ്വകാല നിക്ഷേപം നിര്‍ദേശിച്ച് ബ്രോക്കറേജ് സ്ഥാപനമായ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് രംഗത്തെത്തി.
യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലുമായി വമ്പന്‍ ആശുപത്രികളും രോഗനിര്‍ണയ കേന്ദ്രങ്ങളും ഫാര്‍മസികളും ക്ലിനിക്കുകളും ഉള്ള വലിയ ആരോഗ്യ പരിപാലന ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ബംഗളുരൂവിലാണ് ആസ്ഥാനം. ത്രിതല ചികിത്സാ സൗകര്യങ്ങളാണ് മലയാളി കൂടിയായ ഡോ. ആസാദ് മൂപ്പന് നേതൃത്വം നല്കുന്ന ആസ്റ്ററിന്റെ ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ളത്. 1987-ല്‍ ദുബായിലാണ് കമ്പനിയുടെ തുടക്കം. 2008-ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എന്ന ബ്രാന്‍ഡ് നാമത്തിലേക്ക് മാറിയത്.
ആഭ്യന്തര, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 19.27 ശതമാനം ഓഹരികളുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂലധനം 9,473 കോടി രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരി വിലയിലെ നേട്ടം 18 ശതമാനത്തോളമാണ്.ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറില്‍ വെള്ളിയാഴ്ച ഇടിവുണ്ടായെങ്കിലും ഓഹരി വിലയുടെ വീക്ക്ലി ചാര്‍ട്ട് പരിശോധിക്കുകയാണെങ്കില്‍, ഈയാഴ്ച മുന്നേറ്റം ദൃശ്യമാണ്. കഴിഞ്ഞയാഴ്ച നീണ്ടുനിന്ന സ്ഥിരതയാര്‍ജിക്കലിനു ശേഷമാണ് കുതിപ്പിനുള്ള ലക്ഷണം കാണിക്കുന്നത്.
നിലവിലത്തെ രീതിയില്‍ നിര്‍ണായക പ്രതിരോധമായ 198- 200 നിലവാരം മറികടക്കാന്‍ ഓഹരി ശ്രമിക്കും. കൂടാതെ അടുത്തിടെയായി ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതും വീക്ക്ലി ആര്‍എസ്ഐ പോസിറ്റീവ് സൂചനകള്‍ നല്‍കുന്നതും ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഘടകങ്ങളാകുന്നു.വെള്ളിയാഴ്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ 189.65 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും 220 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 3 മാസ കാലയളവില്‍ 16 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 177 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഒരു വര്‍ഷ കാലയളവിലെ ഓഹരികളുടെ ഉയര്‍ന്ന വില 237 രൂപയും കുറഞ്ഞ വില 132.55 രൂപയുമാണ്.