മുംബൈ: മുംബൈയിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഏഴ് പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. 24 ഫയർ എഞ്ചിനുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഭാട്ടിയ ആശുപത്രിക്ക് സമീപത്തെ 20 നിലകളുള്ള കമലാഹൈറ്റ്സ് കെട്ടിടത്തിലെ 18ാം നിലയിലാണ് തീപിടിത്തമുണ്ടായത്. മറ്റ് നിലകളിലേക്കും തീ പടർന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംഭവ സ്ഥലം സന്ദർശിച്ച മുംബൈ മേയർ കിഷോരി പഡ്നേക്കർ അറിയിച്ചു.
രാവിലെ 7 മണിയോടെയാണ് സംഭവം ഉണ്ടായത്. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചിട്ടാണ് തീയണച്ചത്. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലും, കസ്തൂർഭാ ആശുപത്രിയിലും, നായർ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്.
മൂന്ന് പേർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചിരുന്നു. മേയർ അടക്കമുള്ളവർ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി. അഗ്നി ശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നു എന്ന് പ്രഥാമികമായ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.