കൊച്ചി: മൂന്നു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില 36,400 രൂപ. ഗ്രാം വില 15 രൂപ കുറഞ്ഞ് 4550ല്‍ എത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍ വില ചാഞ്ചാട്ടം പ്രകടിപ്പിക്കുമെന്നാണ് സൂചനകള്‍.
ഈ മാസം 12ന് 4480 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില. പിന്നീട് വിലയില്‍ 20 രൂപയുടെ വര്‍ധനയുണ്ടായി ഗ്രാമിന് 4500 രൂപയായി. ഈ നിലയില്‍ പിന്നീട് അഞ്ച് ദിവസത്തോളം മാറ്റമുണ്ടായില്ല. തുടര്‍ന്ന് മൂന്ന് ദിവസങ്ങളായി സ്വര്‍ണ വില വര്‍ധിച്ച് ഗ്രാമിന് 4565 രൂപയില്‍ വരെയെത്തി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. പിന്നീടാണ് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും നേരിയ കുറവുണ്ടാകുന്നത്.
ഈ മാസത്തിൻ്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില. ഒരു ഘട്ടത്തില്‍ 35,600 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണവില തിരിച്ചു കയറുകയായിരുന്നു. ജനുവരി 10നാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയത്. ഒരു ഗ്രാം വെള്ളിക്ക് നിലവില്‍ 71 രൂപയാണ്. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളി ഗ്രാമിന് 100 രൂപയുമാണ്. ആഗോളവിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.