കുന്നുകള്‍ക്കിടയിലെ ആശ്രമങ്ങളും നഗരത്തിനു നടുവിലൂടെ ഒഴുകുന്ന ഗംഗാ നദിയും മലഞ്ചെരിവുകളും ട്രക്കിങ് റൂട്ടുകളുമെല്ലാം ഋഷികേശിനെ വീണ്ടും വീണ്ടും വരുവാനുള്ള ഒരിടമാക്കി മാറ്റുന്നു.പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടങ്ങളിലൊന്നായ ഇവിടം ഏകാന്ത സഞ്ചാരികളുടെ സ്വര്‍ഗ്ഗം എന്നും അറിയപ്പെടുന്നു. എന്നാല്‍ ഇതൊന്നുമല്ലാത്ത വേറെയും ചില വസ്തുതകള്‍ ഈ നാടിനുണ്ട്.ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്ന ഋഷികേശിനെക്കുറിള്ള ചില കൗതുകകരമായ വസ്തുതകള്‍ അറിയാം.
ലോകത്തിന്റെ യോഗ തലസ്ഥാനമാണ് തപോഭൂമി എന്നറിയപ്പെടുന്ന ഋഷികേശ്. ലോകമെമ്പാടു നിന്നുമുള്ള ആളുകള്‍ യോഗയെക്കുറിച്ച് അറിയുവാനും അത് പരിശീലിക്കുവാനുമെല്ലാം ഇവിടെയാണ് എത്തിച്ചേരുന്നത്. ധ്യാനവും യോഗയും പരിശീലിക്കുന്ന മനോഹരവും പ്രശസ്തവുമായ നിരവധി ആശ്രമങ്ങള്‍ ഋഷികേശിലെമ്ബാടും കാണാം. ഏകാന്തതയും ധ്യാനിക്കുവാനുള്ള അന്തരീക്ഷവും തേടിയാണ് മിക്ക സഞ്ചാരികളും ഋഷികേഷ് തിരഞ്ഞെടുക്കുന്നത്.
ലോകപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ മദ്യവും സസ്യേതര ഭക്ഷണവും ഇവിടെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.ഭക്ഷണകാര്യത്തിൽ വളരെയേറെ ശ്രദ്ധ ചെലുത്തുന്ന ഇടമാണ് ഇവിടം.എല്ലാത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ടെങ്കിലും ഏറ്റവും പ്രസിദ്ധം ഋഷികേശിലെ കൈലാസ് ആശ്രമം ആണ്. 133 വര്‍ഷം പഴക്കമുള്ള കൈലാസാശ്രമം വേദാന്ത പഠനങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമര്‍പ്പിച്ചിരിക്കുന്നു. സ്വാമി റാണാ തീര്‍ഥ, സ്വാമി വിവേകാനന്ദന്, സ്വാമി ശിവാനന്ദ തുടങ്ങിയ ആത്മീയ ഗുരുക്കളെ പ്രചോദിപ്പിക്കുന്നതില്‍ ഈ സ്ഥലം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
മറ്റുള്ള പുണ്ണ്യഭൂമികളിലേക്ക് ഒരു കവാടമായി തന്നെ ഋഷികേശിനെ കണക്കക്കുന്നു,കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയാണ് ഉത്തരാഖണ്ഡിലെ ചാര്‍ധാം ലക്ഷ്യസ്ഥാനങ്ങള്‍. ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശന കവാടമായി ഋഷികേശ് പ്രവര്‍ത്തിക്കുന്നു.ആത്മീയതയും,പ്രാർത്ഥനകളും മാത്രമല്ല സാഹസികമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. സാഹസിക ടൂറിസമാണ് ഋഷികേഷിന്റെ മറ്റൊരു പ്രത്യേകത. ആവേശം വാനോളമുയര്‍ത്തുന്ന, അതേസമയം അപകട സാധ്യത ഒട്ടും കുറവല്ലാത്ത ബംഗീ ജമ്ബിങിനും വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങിനും പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച ഇടം ഋഷികേശ് ആണ്. ബ്രഹ്മപുരി, മറൈന്‍ ഡ്രൈവ്,ശിവ്പുരി,കൗടല്യതുടങ്ങിയ ഇടങ്ങളാണ് ഋഷികേശില്‍ റാഫ്ടിങ്ങിന് പേരുകേട്ടിരിക്കുന്നത്. റിവര്‍ റാഫ്ടിങ് പഠിക്കുവാനും ഇവിടെ അവസരമുണ്ട്.
ഇന്ത്യയില്‍ ബംഗി ജമ്ബിംഗ് ആദ്യമായി അവതരിപ്പിച്ച നഗരം കൂടിയാണിത്. . ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ബംഗീജംപിങ് ഋഷികേശിലാണ്. ഇവിടുത്തെ മോഹന്‍ചട്ടി എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇതുള്ളത്.