മുംബൈ: മുംബൈയിലെ ടാർഡിയോയിൽ 20 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മരണം. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓക്സിജന്‍ സഹായം ആവശ്യമായി വന്ന ആറ് വയോധികരെയും ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമല ബിൽഡിങ്ങിലാണ് സംഭവം.
രാവിലെ ഏഴരയോടെ കെട്ടിടത്തിന്റെ പതിനെട്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് കൂടുതലിടങ്ങളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. അപകടസ്ഥലത്ത് പോലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമനസേനയുടെ 13 യൂണിറ്റുകളും ഏഴ് ജംബോ ടാങ്കുകളും സ്ഥലത്ത് എത്തിയതായി റിപ്പോർട്ട്.
തീ പടര്‍ന്ന് കയറിയുടന്‍ അലാം മുഴങ്ങുകയും പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയുമായിരുന്നു. തീപിടുത്തം ലെവല്‍ മൂന്ന് (തീവ്രതയേറിയത്) ആയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. തീ പടര്‍ന്ന് കയറിയത് മൂലം ഫ്ലാറ്റില്‍ കുടുങ്ങിപ്പോയ എല്ലാവരേയും പുറത്തെത്തിക്കാന്‍ സാധിച്ചതായി മേയര്‍ അറിയിച്ചു. പരുക്കേറ്റവരില്‍ 12 പേരെ ജനറല്‍ വാര്‍ഡിലും മൂന്ന് പേരെ ഐസിയുവിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കെട്ടിടത്തും പരിസരത്തും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മേയര്‍ വ്യക്തമാക്കി.
#WatchVideo: A level 3 fire broke out in 20 storeys Kamala building near #Mumbai’s Bhatia hospital in Tardeo. 13 fire engines are present at the spot #News #Maharashtra #MumbaiFire #FireBrigade #India pic.twitter.com/rrzvIXthfT
— Free Press Journal (@fpjindia) January 22, 2022