വയനാട്: വയനാട് അമ്പലവയലില്‍ ഭര്‍ത്താവിൻ്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിതയാണ്(32) മരിച്ചത്. സാരമായ പരുക്കേറ്റ മകള്‍ അളകനന്ദ(11) ആശുപത്രിയില്‍ ചികില്‍സയിലാണ്. അളകനന്ദയുടെ ഇടതു കണ്ണിൻ്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞു. ആക്രമണത്തിനു ശേഷം ഭര്‍ത്താവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു.
ജനുവരി 15 നാണ് ലിജിതയ്ക്കും മകൾക്കും നേരെ ഭർത്താവ് സനിൽ കുമാർ ആസിഡ് ഒഴിച്ചത്. വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തിവരികയായിരുന്നു ലിജിത. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപമാണ് സംഭവമുണ്ടായത്. സനലും ഭാര്യയും തമ്മില്‍ കുറച്ചുനാളുകളായി അകന്ന് കഴിയുകയായിരുന്നു. ഭർത്താവ് ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്.
ഇതേ വാഹനത്തിൽ തന്നെ ഇയാൾ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം സനൽ ബൈക്കിൽ രക്ഷപ്പെട്ടതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
കണ്ണൂരിലേക്കാണ് പ്രതി രക്ഷപ്പെട്ടതെന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സനലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖവും തലയും ട്രെയിൻ ഇടിച്ച് പൂർണമായും വികൃതമായ നിലയിലായിരുന്നു മൃതദേഹം. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനൽ.