കണ്ണൂർ: സിൽവർ ലൈനിനെതിരായ പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവത്തിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ വധശ്രമത്തിന് കേസ്. മന്ത്രി എം വി ഗോവിന്ദൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, റോബർട്ട് ജോർജ്, പി പി ഷാജർ തുടങ്ങിയവർക്കെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസ് എടുത്തത്.
കണ്ടാലറിയാവുന്നവർക്കെതിരെ റിജിൽ മാക്കുറ്റി നൽകിയ പരാതിയിലാണ് നടപടി. യോഗത്തിലേക്ക് പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നായിരുന്നു പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നെന്ന് റിജില്‍ മാക്കുറ്റി ആരോപിച്ചിരുന്നു.
തൻ്റെ വീടോ സ്ഥലമോ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി നഷ്ടമാകില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സമരം ജനങ്ങള്‍ക്കുവേണ്ടിയാണെന്നും സംഭവത്തിന് ശേഷം റിജില്‍ മാക്കുറ്റി പ്രതികരിച്ചിരുന്നു. സമരത്തെ ആക്രമിക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം ഒരു ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.
മന്ത്രി എം വി ഗോവിന്ദൻ പങ്കെടുത്ത സിൽവർ ലൈൻ വിശദീകരണ യോഗത്തിൽ യൂത്ത്കോൺഗ്രസ് കടന്നു കയറി പ്രതിഷേധിച്ചിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് റിജിൽ മാക്കുറ്റിയെ യോഗസ്ഥലത്ത് വെച്ച് മർദിച്ചത്. റിമാൻഡിലായിരുന്ന റിജിൽ മാക്കുറ്റി ഉൾപ്പടെയുള്ളവർക്ക് ജാമ്യം ലഭിച്ചു.