കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇന്ന് 10.15ന് ആണ് വാദം കേൾക്കുക. സ്പെഷൽ സിറ്റിങ് നടത്തിയാണ് കേസ് പരിഗണിക്കുക. എല്ലാ കേസ് പോലെ തന്നെയാണ് ഈ കേസും. പ്രാധാന്യം ഉള്ളതുകൊണ്ടല്ല, മറിച്ച് അധികം സമയം വാദത്തിന് എടുക്കും എന്നുള്ളതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജഡ്ജ് വ്യക്തമാക്കിയിരുന്നു.
ദിലീപിനെതിരെ വധശ്രമിത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിരുന്നു. കേസിൽ 302 ഐപിസി (കൊലപാതകശ്രമം) പ്രകാരമുള്ള കുറ്റകൃത്യം ചെയ്യുന്നതിന് വേണ്ടി 12-ബി(1) ഐപിസി പ്രകാരമുള്ള ഗൂഢാലോചന നടന്നതായി കാണുന്നു. അതിനാൽ 120-ബി (1)ഐപിസിയോടൊപ്പം 302 ഐപിസി (120 ബി ഓഫ് 302 ഐപിസി) എന്ന് മാറ്റം വരുത്തി പ്രതികൾക്കെതിരെ അന്വേഷണം നടത്തി വരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
മുൻകൂർ ജാമ്യത്തെ എതിർത്ത് സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും സർക്കാരിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
സംവിധായകൻ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൻ്റെ വിവരങ്ങൾ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. ദിലീപ്, സഹോദരൻ പി ശിവകുമാർ (അനൂപ്), ദിലീപിൻ്റെ സഹോദരി ഭർത്താവ് ടി എൻ സൂരജ്, ദിലീപിൻ്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിൻ്റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും കളളക്കേസാണെന്നുമാണ് പ്രതികളുടെ വാദം.