സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ബ്രോ ഡാഡി’. ‘ലൂസിഫർ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നുവെന്നതാണ് ചിത്രത്തിന്റെ ഒരു പ്രധാന ആകർഷണം. ഇപ്പോഴിതാ രസകരമായൊരു സ്നീക്ക് പീക്ക് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബ്രോ ഡാഡി ടീം.
ചിത്രത്തിനായി നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ കണ്ട് ‘മോഹൻലാലിൻ്റെ ഡേറ്റ് വാങ്ങിച്ചെടുക്കുന്ന’ പൃഥ്വിയുടെ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ സബ് ഇൻസ്പെക്ടർ വേഷം കാണിച്ചാണ് പൃഥ്വി ആന്റണിയെ ‘വീഴ്ത്തുന്നത്’. ബ്രോ ഡാഡിയിൽ എസ്ഐ ആന്റണി ജോസഫ് എന്ന കഥാപാത്രമായി ആന്റണി പെരുമ്പാവൂരും എത്തുന്നുണ്ട്.
‘ദൃശ്യം’ രണ്ട് പതിപ്പുകളിലും പോലീസ് റോളിലായിരുന്നു ആന്റണി പെരുമ്പാവൂര്‍. ‘എസ് ഐ ആന്റണി ജോസഫ്, ഇത് കലക്കും. ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ വയ്യ, നിങ്ങള്‍ക്കോ?, എന്ന ക്യാപ്ക്ഷനോടെയാണ് ഹോട്ട്സ്റ്റാര്‍ യൂട്യൂബില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അച്ഛൻ്റെയും മകൻ്റെയും വേഷങ്ങളിലാണ് മോഹൻലാലും പൃഥ്വിരാജും ചിത്രത്തിലെത്തുന്നത്.
ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. കല്യാണി പ്രിയദര്ശന്, ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍.
ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന് രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26ന് ചിത്രം പ്രദർശനത്തിനെത്തും.