ടൊറന്റോ: യു-എസ് കാനഡ അതിര്‍ത്തിയില്‍ മഞ്ഞിലകപ്പെട്ട് നാല് ഇന്ത്യക്കാര്‍ മരിച്ചു. കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തില്‍പ്പെട്ടത്.
അനധികൃതമായി കാനഡ വഴി അമേരിക്കന്‍ അതിര്‍ത്തി കടക്കാനുള്ള ശ്രമത്തില്‍ കൊടുംതണുപ്പില്പെട്ട് മരണമടഞ്ഞതാണെന്ന് കരുതുന്നതായി അമേരിക്കന്‍ അധികൃതര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീയും പുരുഷനും കൗമാരക്കാരനും പിഞ്ചു കുഞ്ഞുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഏഴു പേരെ അവശനിലയില്‍ കനേഡിയന്‍ പോലീസ് രക്ഷിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിര്‍ത്തിയില്‍ നിന്നും 12 മീറ്റര്‍ അകലെ മഞ്ഞിൽ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎസിലേയും കാനഡയിലേയും ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്ക് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.