പനാജി: മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന് ഉത്പല്‍ പരീക്കര്‍ ബിജെപി വിട്ടു. അടുത്ത മാസം നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് ഉത്പൽ പരീക്കർ പാർട്ടി വിട്ടത്.
തന്റെ ഭാവി പനാജിയിലെ ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും ഉത്പല്‍ പറഞ്ഞു.
മുന്ന് പ്രാവശ്യം ഗോവമുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും സേവനമനുഷ്ടിച്ചയാളാണ് ഉത്പലിന്റെ പിതാവ് മനോഹര്‍ പരീക്കര്‍. പിതാവ് മത്സരിച്ചിരുന്ന പനാജി സീറ്റ് നിഷേധിച്ചതോടെയാണ് ഉത്പല്‍ ബിജെപിയുമായി കലഹിച്ചത്.
“പാർട്ടി അംഗങ്ങളുടെ മാത്രമല്ല, പനാജിയിലെ സാധാരണ ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തും ഇത്തവണയും പാർട്ടിയെ ബോധ്യപ്പെടുത്താൻ ഞാൻ പരമാവധി ശ്രമിച്ചു.” ഉത്പൽ പരീക്കർ മാധ്യമങ്ങളോട് പറഞ്ഞു. ഉത്പലിനു വേറെ ചില മണ്ഡലങ്ങൾ പാർട്ടി വാഗ്ദാനം ചെയ്തുവെങ്കിലും അത് അദ്ദേഹം നിരാകരിക്കുകയായിരുന്നു.