കൊച്ചി : ഇന്ത്യൻ ലൈഫ്സ്റ്റൈൽ ഇ-മൊബിലിറ്റി സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് (VAAN) തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക്ക് ബൈസൈക്കിൾ വിപണിയിലിറക്കി. അർബൻസ്പോർട്ട്, അർബൻസ്പോർട്ട് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകുന്ന സൈക്കിളിന്റെ ബുക്കിങ്ങുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ https://vaanmoto.com/ആരംഭിച്ചു കഴിഞ്ഞു. അർബൻസ്പോർട്ടിന് 59,999 രൂപയും അർബൻസ്പൊർട്ട് പ്രോയ്ക്ക് 69,999 രൂപയുമാണ് വില. വൈറ്റ്, യെല്ലോ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാകുന്ന വാൻ ഇ-ബൈക്കുകൾ പ്രാരംഭഘട്ടത്തിൽ കൊച്ചി വിപണിയാവും ലക്ഷ്യമിടുക. പിന്നാലെ ഗോവ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വാൻ വിപണന ശൃംഖല വ്യാപിപ്പിക്കും.
നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിർമ്മിച്ച ലൈഫ്സ്റ്റൈൽ ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് അർബൻസ്പൊർട്ടും അർബൻസ്പോർട്ട് പ്രോയും. ആഗോള വിപണി ലക്ഷ്യമാക്കി കഴിഞ്ഞ കൊല്ലം അവസാനത്തോടെ ഇറ്റലിയിലെ ഇഐസിഎംഎ (EICMA) യിലും ഇരുവാഹനങ്ങളെയും അവതരിപ്പിച്ചിരുന്നു.അർബൻസ്പോർട്ടിലും അർബൻസ്പോർട്ട് പ്രോയിലും ഉള്ളത് ഒരേ മെക്കാനിക്കൽ ഘടകങ്ങൾ തന്നെയാണ്. ബെനെല്ലിയുടെ ഇ-ബൈക്ക് വിഭാഗം ഡിസൈൻ ചെയ്ത ഒതുങ്ങി ഭാരം കുറഞ്ഞ, 6061 അലൂമിനിയം യൂണിസെക്സ് ഫ്രെയിം, സാഡിൽ, റിമ്മുകൾ, ഹാൻഡില്ബാർ എന്നിവ ഇരുവാഹനങ്ങളുടെയും പ്രത്യേകതകളാണ്. ബെനെല്ലി ബൈസിക്ലെറ്റാണ് (Benelli Biciclette) അർബൻസ്പോർട്ടിന്റെ എൻജിനീയറിങ്ങും സപ്ലൈ ചെയിനും മറ്റും കൈകാര്യം ചെയ്യുന്നത്.
ഇരു മോഡലുകൾക്കും 7-സ്പീഡ് ഷിമാനോ ഡീറെയിലർ ഗിയറുകൾ, മുന്നിലും പിന്നിലും ഡിസ്ക്ക് ബ്രേക്കുകൾ, സ്പിന്നർ യുഎസ്എ മുൻ ഷോക്കുകൾ എന്നിവയുണ്ട്. പിൻവീലിന്റെ ഹബ്ബിൽ മൗണ്ട് ചെയ്ത 250 വാട്ട് ഇലക്ട്രിക്ക് മോട്ടോറാണ് രണ്ടു വാഹനങ്ങളിലും ഉള്ളത്. 7.5 എഎച്ച്, 48 വോൾട്ട്, റിമൂവബിൾ ബാറ്ററിയാണ് ഒപ്പം. 2.5 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ബാറ്ററി പൂർണ്ണമായും ചാർജ് ആവാൻ വേണ്ടി വരിക 4 മണിക്കൂറുകളാവും. 4 മുതൽ 5 രൂപയുടെ വൈദ്യുതി മാത്രമാകും ഒരു പൂർണ്ണ ചാർജ്ജിങ്ങിനു വേണ്ടി വരുക. വ്യത്യസ്ത ഗിയർ ലെവലുകളും വാൻ ഈ വാഹനങ്ങളിൽ നല്കിയിട്ടുണ്ട്. പെഡൽ അസിസ്റ്റിന്റെ സഹായത്തോടെ മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കുവാനാകും. പൂർണ്ണമായും പെഡൽ അസിസ്റ്റ് മോഡിൽ 60 കിലോമീറ്ററോളം റേഞ്ചും ഇവ നല്കും.
റൈഡർക്ക് അവശ്യ വിവരങ്ങൾ നല്കുന്ന സ്മാർട്ട് എൽസിഡി സ്ക്രീനും അർബൻസ്പോർട്ടിന്റെ പ്രത്യേകതയാണ്. ഇതിലൂടെ മുന്നിലെയും പിന്നിലെയും ലൈറ്റുകളും പ്രവർത്തിപ്പിക്കുവാനാകും. അർബൻസ്പോർട്ട് എന്ന ബേസ് വേരിയന്റിൽ 20 ഇഞ്ച് സ്പോക്ക് വീലുകളും 15 കിലോയോളം ഭാരം വഹിക്കാവുന്ന പിൻ ക്യാരിയറും ഉണ്ട്. കൂടുതൽ സ്റ്റൈലിഷായ അർബൻസ്പോർട്ട് പ്രോയിൽ അലോയ് വീലുകൾ, പിൻ വീലിന്റെ ഹബ്ബിൽ ഇന്റഗ്രേറ്റ് ചെയ്ത മോട്ടോർ എന്നിവയുണ്ട്.
“2000 യൂണിറ്റുകളാണ് കൊച്ചിയിലെ പ്ലാന്റിന്റെ പ്രതിമാസ ഉത്പാദനശേഷി. പ്രാരംഭഘട്ടത്തിൽ 8000-10,000 യൂണിറ്റുകളുടെ വാർഷിക വില്പനയാണ് വാൻ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ യുവാക്കളെ ആണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും എല്ലാ പ്രായക്കാർക്കും ഒരുപോലെ ഇണങ്ങുന്ന 3 ഡ്രൈവ് മോഡുകൾ അർബൻസ്പോർട്ടിനെ എല്ലാ പ്രായക്കാർക്കും പ്രിയങ്കരമാക്കി മാറ്റും.“ വാൻ ഇലക്ട്രിക്ക് മൊബിലിറ്റിയുടെ സിഇഒയും ഫൗണ്ടറുമായ ജിത്തു സുകുമാരൻ നായർ പറഞ്ഞു.“5 ഇലക്ട്രിക്ക് ഗിയറുകളും ഫുൾ ത്രോട്ടിൽ മോഡുമടങ്ങുന്ന പവർ അസിസ്റ്റ് മോഡാണ് അർബൻസ്പോർട്ടിലുള്ളത്. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കുവാനാകും. 2.50 കിലോ മാത്രം ഭാരം വരുന്ന, റിമൂവബിൾ ലിഥിയം ബാറ്ററിക്ക് ഫുൾ ചാർജ് ചെയ്യാൻ വേണ്ടിവരിക നാലു മണിക്കൂറുകളാവും. ഓരോ ഫുൾ ചാർജിലും മോഡിനനുസരിച്ച് 50-60 കിലോമീറ്ററുകൾ വരെ സഞ്ചരിക്കാം. രണ്ട് വർഷ വാറന്റിയും ഈ ബാറ്ററിക്കുണ്ട്. ഓവർചാർജിംഗ് ഒഴിവാക്കാൻ 14 സുരക്ഷാ മുൻകരുതലുകൾ അടങ്ങിയ ബാറ്ററി മാനേജ്മെന്റ് സംവിധാനവും ഇ-ബൈക്കിലുണ്ട്.“ ജിത്തു കൂട്ടിച്ചേർത്തു.
കെടിഎമ്മിന്റെ (KTM) ഉടമസ്ഥതയിലുള്ള, ഓസ്ട്രിയ ആസ്ഥാനമായ കിസ്ക ജിഎംബിഎച്ച് (KISKA GMBH) ആണ് വാനിന്റെ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത്. ഇലക്ട്രിക്ക് സൈക്കിളുകൾക്കു പുറമെ അപ്പാരലുകൾ, സൈക്ലിംഗ് ഹെല്മെറ്റുകൾ, സൈക്ക്ലിംഗ് ജേഴ്സികൾ എന്നിവയും വാൻ വിപണിയിലിറക്കിയിറുണ്ട്. ഇവരുടെ സ്മാർട്ട് വാച്ചുകൾ ആമസോണിലും ഫ്ലിപ്കാർട്ടിലും ഇപ്പോൾ വില്പനയിലുണ്ട്.
അടുത്ത 3-6 മാസങ്ങൾക്കുള്ളിൽ രണ്ട് പുത്തൻ വാഹനങ്ങൾ കൂടി വിപണിയിലിറക്കാൻ വാനിനു പദ്ധതിയുണ്ട്. യൂറോപ്യൻ വിപണിക്കും വലിയ പ്രാധാന്യമാണ് ഇവർ നല്കുന്നത്. അടുത്തിടെ ഏഷ്യൻ എനർജി സർവീസസ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ആറു കോടിയോളം ഫണ്ടിംഗ് വാൻ കരസ്ഥമാക്കിയിരുന്നു. സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റേയും അംഗീകാരം ലഭിച്ച കമ്പനിയിലേക്ക് ഇതിനുപുറമെയും നിക്ഷേപകർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.കൊച്ചിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി(മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്) രാജീവ് ചന്ദ്രശേഖർ വാൻ ഇലക്ട്രിക് മോട്ടോ ബ്രാൻഡ് ഇന്ത്യയിൽ ഓൺലൈനായി ലോഞ്ച് ചെയ്തു. കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഓയിൽ മാക്സ് എനർജി പ്രൈവറ്റ് ലിമിറ്റഡ്, ചെയർമാനും മാനേജിങ് ഡയറക്ടറുമായ കപിൽ ഗാർഗ് എന്നിവർ ചേർന്ന് ഈ ബൈക്കുകൾ അവതരിപ്പിച്ചു. ഹൈബി ഈഡൻ എംപി വാൻ ബ്രാൻഡ് ലോഗോ പ്രകാശനം ചെയ്തു. മുൻ എം പി ചന്ദ്രൻപിള്ള ആശംസകൾ നേർന്നു.
.