ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ ജിത് സിങ് ചന്നി. പഞ്ചാബിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡുമായി ബന്ധപ്പെട്ട് കെജ്രിവാൾ നടത്തിയ പരാമർശമാണ് പഞ്ചാബ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
അനധികൃത മണൽഖനനവുമായി ബന്ധപ്പെട്ട് ചന്നിയുടെ മരുമകന്റേയും സുഹൃത്തുക്കളുടേയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിനെത്തുടർന്ന് ചന്നി സത്യസന്ധനായ ആളല്ല എന്ന് കെജ്രിവാള് ട്വിറ്ററിൽ കുറിച്ചു.
റെയ്ഡുമായി ബന്ധപ്പെട്ട എഎൻഐയുടെ വാർത്ത റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു കെജ്രിവാൾ ചരണ്‍ ജിത് സിങ് ചന്നിക്കെതിരേ രംഗത്തെത്തിയത്.
‘നോട്ടുകെട്ടുകൾക്ക് താഴെ എന്റെ ഫോട്ടോ എന്തിനാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത്, എന്നെ എന്തിനാണ് നിങ്ങൾ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത്? എന്റെ കയ്യിൽ നിന്നാണോ ഇ.ഡി പണം കണ്ടെത്തിയത്? എന്റെ വീട്ടിലാണോ ഇ.ഡി റെയ്ഡ് നടത്തിയത്? ചന്നി ചോദിച്ചു.
ചാംകൗർ സാഹിബ് മണ്ഡലത്തിൽ നിന്ന് ചരൺജീത് സിങ്ങ് ചന്നി തോൽക്കുമെന്നും ഇഡി ഉദ്യോഗസ്ഥർ ഇത്രയും നോട്ടുകൾ എണ്ണുന്നത് കണ്ട് തങ്ങൾ ഞെട്ടിയെന്നും കെജ്രിവാള് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.