തിരുവനന്തപുരം;കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സി.പി.എം സമ്മേളനങ്ങൾ വിലക്കിയ ഹൈക്കോടതി വിധി സി.പി.എമ്മിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.വിധിയെ സ്വാഗതം ചെയ്യുന്നു. സാമാന്യ യുക്തിയുള്ള ആർക്കും ബോധ്യപ്പെടുന്ന കാര്യമാണ് കോടതി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണങ്ങൾ ഒന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിലാണ് സി.പി.എമ്മിന്റെ പോക്ക്. മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന സി.പി.എം സ്വന്തം പാർട്ടി പ്രവർത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണ്. കോടതി വിധി അനുസരിച്ചുള്ള തുടർ നടപടികൾ വേണം. കാസർകോടിന് ബാധകമായ ഉത്തരവ് തൃശൂരിനും ബാധകമാണ്. പാർട്ടി സമ്മേളനങ്ങൾ നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം ആരോപിച്ചു .