അങ്കമാലി: അങ്കമാലി എളവൂർ പുളിയനത്ത് പോലീസ് സംരക്ഷണത്തോടെ ഇന്നലെ ഉദ്യോഗസ്ഥർ നാട്ടിയ സർവേ കല്ലുകൾ പിഴുതുമാറ്റി. രാത്രിയിൽ നാട്ടുകാരാണ് പിഴുതു മാറ്റിയത്. ഒമ്പത് സർവേക്കല്ലുകളാണ് ഇങ്ങനെ പഴുത് മാറ്റിയത്. ഇന്നലെ 20 സർവേക്കല്ലുകളാണ് ഇവിടെ സ്ഥാപിച്ചത്. പിഴുതു മാറ്റിയ സർവേ കല്ലുകൾ പുളിയനം ബസ് സ്റ്റോപ്പിലും എളവൂർ പള്ളിക്ക് മുന്നിലും രാത്രിയിൽ തന്നെ നാട്ടുകാർ എത്തിച്ചു, അതിന്മേൽ റീത്തും വച്ചു.
അതേസമയം സര്‍വേ കല്ലുകള്‍ പിഴുത നടപടിക്ക് പിന്തുണയുമായി റോജി എം ജോണ്‍ എംഎല്‍എ രംഗത്തെത്തി. ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും കേരളത്തില്‍ സ്ഥാപിച്ച കല്ലുകള്‍ക്ക് മുഴുവന്‍ പോലീസ് കാവല്‍ നില്‍ക്കുമോയെന്നും റോജി എം ജോണ്‍ ചോദിച്ചു.
എറണാകുളം- തൃശ്ശൂര്‍ അതിര്‍ത്തിയില്‍ അങ്കമാലി, എളവൂര്‍, പാറക്കടവിലൂടെയാണ് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കടന്നുപോകുന്നത്. അതില്‍ ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് ഇന്നലെ കെ-റെയില്‍ ഉദ്യോഗസ്ഥരെത്തി സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധം കെ-റെയില്‍ വിരുദ്ധ സമര സമിതി നേതൃത്വത്തില്‍ ഉയര്‍ന്നിരുന്നു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോയത്.
ഇന്ന് പുലര്‍ച്ചെയാണ് സര്‍വേ കല്ലുകള്‍ പിഴുതു മാറ്റുകയും അതിന് മുകളില്‍ റീത്ത് വെയ്ക്കുകയും ചെയ്ത നിലയില്‍ കണ്ടെത്തിയത്. പാത കടന്നുപോകുന്നതിൻ്റെ സമീപത്തുള്ള വിവിധ കവലകളിലാണ് സര്‍വേ കല്ലുകള്‍ കൊണ്ടുവെച്ച് അതിന് മുകളില്‍ റീത്ത് വെച്ചിട്ടുള്ളത്. ഇതിന് റോജി എം ജോണ്‍ പിന്തുണ നല്‍കുകയായിരുന്നു.
അങ്കമാലി, പാറക്കടവ് പഞ്ചായത്തില്‍ പ്രതിക്ഷേധിച്ച ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തും ഭീക്ഷണിപ്പെടുത്തിയും സ്ഥാപിച്ച കെ റെയില്‍ കല്ലുകള്‍ക്ക് 24 മണിക്കൂറിൻ്റെ ആയുസ് ഉണ്ടായില്ലെന്ന് റോജി എം ജോണ്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാരിൻ്റെ ധാര്‍ഷ്ട്യത്തിന് തക്ക മറുപടി നല്കിയ ധീരന്മാര്ക്ക് അഭിവാദ്യങ്ങളെന്നും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.