ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിൻ്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന് ഇനിയും ചെലവേറും. 282 കോടി രൂപ അധികമായി വേണ്ടിവരുമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബജറ്റിട്ടതിനേക്കാൾ 29 ശതമാനം കൂടുതൽ ചെലവ് വരുമെന്നാണു കണക്കുകൾ പറയുന്നത്. 977 കോടി രൂപയാണ് നേരത്തെ പാര്‍ലമെന്റ് മന്ദിരത്തിന് ബജറ്റ് കണക്കാക്കിയിരുന്നത്. 2020 ഡിസംബറിലെ ശിലാസ്ഥാപന ചടങ്ങിനുശേഷമാണ് വർധനയുണ്ടായത്. ഇതോടെ ആകെ ചെലവ് 1250 കോടി കടക്കും.
2020 ഡിസംബറിലായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിൻ്റെ ശിലാസ്ഥാപനം. നിര്‍മാണ ചുമതലയുള്ള ടാറ്റ പ്രോജക്റ്റ്സ് നിലവില്‍ മന്ദിരത്തിൻ്റെ 40 ശതമാനം നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 13 ഏക്കറിലായി സ്ഥിതിചെയ്യുന്ന നാലുനില മന്ദിരത്തിൻ്റെ നിര്‍മാണം ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സമയപരിധി പിന്നീട് ഒക്ടോബറിലേക്ക് നീട്ടി.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ ലോക്സഭാ ചേംമ്പറില്‍ 888 അംഗങ്ങള്‍ക്ക് ഇരിക്കാനാകും. സംയുക്ത സമ്മേളനം ചേരുമ്പോള്‍ 1224 അംഗങ്ങളേയും ഉള്‍ക്കൊള്ളാന്‍ സാധിക്കും. രാജ്യസഭാ ചേംമ്പറില്‍ 384 അംഗങ്ങള്‍ക്ക് വരെ ഇരിക്കാം. ഭാവിയില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാവുന്ന തരത്തിലാണ് ചോംമ്പറിൻ്റെ നിര്‍മാണം.
ഓരോ എംപിക്കും പ്രത്യേകം ഓഫീസുകള്‍, കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, എംപി ലോഞ്ച്, ലൈബ്രറി, കമ്മിറ്റി റൂമുകള്‍, ഡൈനിങ് ഏരിയ തുടങ്ങിയവയെല്ലാം പുതിയ മന്ദിരത്തില്‍ ഉണ്ടായിരിക്കും. നിലവിലെ പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്നതിൻ്റെ ഭാഗമായാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. 20000 കോടിയോളമാണ് ഇതിന് ചെലവ് കണക്കാക്കുന്നത്.